കൊല്ലം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്കുള്ള പുതിയ നിരക്കുകളും മാർഗ നിർദേശങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കി. ലക്ഷണങ്ങൾ ഉള്ള ആൾക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാൽ പി സി ആർ പരിശോധന നടത്തണം എന്നാണ് ആരോഗ്യ വകുപ്പിന്‍റെ മാർഗ നിർദേശം. അതിന് 2750 രൂപ നൽകണം. 

സംസ്ഥാനത്ത് 234 സ്വകാര്യ ലാബുകളിലാണ് ഇപ്പോൾ കൊവിഡ് പരിശോധന നടത്തുന്നതിന് അനുമതി നൽകിയിട്ടുള്ളത്. 625 രൂപയാണ് ആന്റിജൻ പരിശോധനയ്ക്കുള്ള നിരക്ക്. പി സി ആർ പരിശോധനക്ക് 2750 രൂപയും സി ബി നാറ്റിന് 3000 രൂപയും ട്രൂ നാറ്റ് ആദ്യ പരിശോധനയ്ക്കും രണ്ടാം പരിശോധനയ്ക്കും 1500 രൂപ വീതവും നൽകണം. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

Also Read: സംസ്ഥാനത്ത് 1983 പേർക്ക് കൂടി കൊവിഡ്, 12 മരണം; 1419 പേർക്ക് രോഗമുക്തി