പാര്‍ട്ടിയില്‍ ഇപ്പോള്‍ കൂടിയാലോചന ഇല്ലെന്ന് കെ.സുധാകരനെ ലക്ഷ്യമിട്ട് ആദ്യം പറഞ്ഞത് കൊടിക്കുന്നില്‍ സുരേഷായിരുന്നു. അത് ശരിവച്ചത് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

കൊച്ചി : നേതൃത്വത്തിനെതിരെ ഉയരുന്ന കൂട്ടായ വിമര്‍ശനങ്ങള്‍ക്ക് തടയിടാനുള്ള നീക്കം ശക്തമാക്കി കെപിസിസി. എം കെ രാഘവനും കെ മുരളീധരനും അച്ചടക്കം പാലിക്കാന്‍ കത്തയച്ചത് ഇതിന്‍റെ തുടക്കമാണ്. പരമ്പരാഗത ഗ്രൂപ്പുകള്‍ ദുര്‍ബലമായ സാഹചര്യത്തില്‍ സെമി കേഡര്‍ ആശയം നടപ്പാക്കുക എളുപ്പമെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍

പാര്‍ട്ടിയില്‍ ഇപ്പോള്‍ കൂടിയാലോചന ഇല്ലെന്ന് കെ.സുധാകരനെ ലക്ഷ്യമിട്ട് ആദ്യം പറഞ്ഞത് കൊടിക്കുന്നില്‍ സുരേഷായിരുന്നു. അത് ശരിവച്ചത് രമേശ് ചെന്നിത്തലയും രംഗത്തെത്തി. അഭിപ്രായം ഉണ്ടെന്നും പാര്‍ട്ടി വേദിയില്‍ പറയുമെന്നും തുറന്നുപറഞ്ഞത് പിസി വിഷ്ണുനാഥ്. എംകെ രാഘവനും കെ മുരളീധരനും ഈ വഴിയിലെ അവസാനക്കാരായിട്ടും ആദ്യം നടപടി പക്ഷേ ഇരുവര്‍ക്കുമെതിരെയാണുണ്ടായത്. രാഘവനെതിരെ നീങ്ങിയാല്‍ ഗ്രൂപ്പുകളുടെ പ്രതിരോധം ഉണ്ടാകില്ല. തരൂര്‍ പക്ഷക്കാരനായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയും എളുപ്പംകിട്ടും. കൂട്ടത്തില്‍ മുരളീധരനെയും പിടിക്കാം. കോഴിക്കോട്, വടകര സീറ്റുകള്‍ ലക്ഷ്യംവച്ചുള്ള സ്ഥാനാര്‍ഥി മോഹികളുടെ രാഷ്ട്രീയക്കളികളും പിന്നിലുണ്ട്. 

കരുതയോടെയുള്ള നീക്കമാണ് കെ.സുധാകരന്‍ പക്ഷത്തിന്‍റെത്. എതിര്‍ശബ്ദങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കിയില്ലെങ്കില്‍ ഒന്നിച്ചുനേരിടേണ്ടിവരുമെന്ന ഭീഷണി മുന്നിലുണ്ട്. എ,ഐ ഗ്രൂപ്പുകള്‍ പഴയതുപോലെ ശക്തമല്ലാത്തതിനാല്‍ അച്ചടക്കത്തിന്‍റെ വടിയെടുക്കുക എളുപ്പം. വര്‍ക്കിങ് കമ്മിറ്റിയിലേക്കുള്ള നാമനിര്‍ദേശം കാത്തുനില്‍ക്കുന്നതിനാല്‍ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും നേതൃത്വത്തോട് ഉടക്കാന്‍ ഇടയില്ല. ഉമ്മന്‍ചാണ്ടി ചികിത്സയിലായതിനാല്‍ ഗ്രൂപ്പ് തന്നെ നിശ്ചലമാണ്. വിയോജിപ്പുകള്‍ പലതുണ്ടെങ്കിലും കെപിസിസി അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയതിലെ അതേ ഒത്തൊരുമ അച്ചടക്ക നടപടി എടുക്കുന്നതിലും കെ.സുധാകരനും വി.ഡി സതീശനും പാലിക്കുന്നുണ്ട്. കെസി വേണുഗോപാലിന്‍റെ പിന്തുണ കൂടിയായതോടെ കാര്യങ്ങള്‍ പിന്നെയും എളുപ്പം. എന്നാല്‍ കെപിസിസിയുടെ കത്ത് കിട്ടിയാലുടന്‍ കടുത്ത ഭാഷയിലുള്ള വിമര്‍ശനം രാഘവന്‍റെയും മുരളീധരന്‍റെയും ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പാണ്. അതിനെ ആരൊക്കെ പിന്തുണയ്ക്കുമെന്നാണ് കാണേണ്ടത്.