Asianet News MalayalamAsianet News Malayalam

വയനാട് ഒരു പുതിയ ഹോട്ട്‍സ്‍പോട്ട് കൂടി; സംസ്ഥാനത്ത് ആകെ 34 ഹോട്ട്‍സ്‍പോട്ട്

നിലവില്‍ സംസ്ഥാനത്ത് ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

new hotspot in wayanad
Author
Mananthavady, First Published May 11, 2020, 5:20 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പുതിയ ഹോട്ട്‍സ്‌പോട്ട് കൂടി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട്‍സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഹോട്ട്‍സ്‍പോട്ടുകളുടെ എണ്ണം 34 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയുടെ പഞ്ചായത്താണ് നെന്മേനി. തമിഴ്‍നാട്ടില്‍ വലിയ രീതിയില്‍ കൊവിഡ് വ്യാപിച്ച കോയമ്പേട് മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു ഇയാള്‍.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലുള്ള നാല് പേർക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. 

വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗ മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കൊവിഡ് കെയര്‍ സെന്‍ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. 

Follow Us:
Download App:
  • android
  • ios