പ്രളയത്തിന്‍റെ രക്ഷാപ്രവര്‍ത്തന സമയത്ത് ബോട്ടിലേക്ക് കയറാന്‍ ബുദ്ധിമുട്ടിയവരോട് 'ഉമ്മാ നിങ്ങള് ചവിട്ടിക്കേറിക്കോളീന്ന് പറഞ്ഞ് മുതുകു കാണിച്ചു നല്‍കിയത് ജെയ്സലായിരുന്നു
മലപ്പുറം: ജെയ്സല്‍ എന്ന താനൂര്‍ക്കാരന്‍ മത്സ്യത്തൊഴിലാളിയെ മറക്കാന്‍ മലയാളികള്‍ക്ക് സാധിക്കില്ല. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ജീവനും കൈയ്യില്‍ പിടിച്ച് രക്ഷപ്പെടാനായി ശ്രമിച്ചവര്‍ക്ക് കൈത്താങ്ങു നല്‍കിയ മത്സ്യത്തൊഴിലാളികളില്‍ ഒരാളാണ് ജെയ്സല്‍.
പ്രളയം കേരളത്തെയാകെ ദുരന്തത്തിലാഴ്ത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ സമയത്ത് ബോട്ടിലേക്ക് കയറാന്‍ ബുദ്ധിമുട്ടിയവരോട് 'ഉമ്മാ നിങ്ങള് ചവിട്ടി ക്കേറിക്കോളീന്ന്' പറഞ്ഞ് മുതുകു കാണിച്ചു നല്‍കിയത് ജെയ്സലായിരുന്നു. ഒപ്പമുണ്ടായിരുന്ന ആരോ പകര്‍ത്തിയ ആ വീഡിയോയിലൂടെയാണ് ജെയ്സലിനെ ലോകം അറിഞ്ഞത്.
വെള്ളത്തില്‍ കുനിഞ്ഞു കിടന്ന് കയറാനായി മുതുകു കാണിച്ചു കൊടുക്കുന്ന ജെയ്സലിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതോടെ നിരവധിപ്പേരാണ് നന്ദിയും അഭിനന്ദനവും അറിയിച്ചെത്തിയത്. നിരവധിപ്പേര്‍ ജെയ്സിന് സഹായങ്ങളുമായും എത്തി.
കിടക്കാന്‍ നല്ലൊരു വീടില്ലാതെ, സമ്പത്തികമായും ഏറെ ബുദ്ധിമുട്ടിലായിരുന്ന ജെയ്സലിന് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് എസ് വൈഎസ്. ഇന്നാണ് വീടിന്‍റെ താക്കോല്‍ കൈമാറ്റം. വൈകിട്ട് പരപ്പനങ്ങാടി ആവില്‍ കടപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ അലി ബാഫഖി തങ്ങള്‍ വീടിന്‍റെ താക്കോല്‍ കൈമാറും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാരായിരുന്നു കഴിഞ്ഞ സെപ്റ്റംബർ 13ന് വീടിന് കുറ്റിയടിച്ചത്. എസ്‌വൈഎസിന്റെ പ്രവാസി സന്നദ്ധസംഘടനയായ ഐസിഎഫിന്റെ സഹകരണത്തോടെ ഏഴു മാസങ്ങള്‍ കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ട്രോമ കെയറിന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് മത്സ്യത്തൊഴിലാളിയായ ജെയ്സല്‍.

