കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ ഇന്ന് നിശ്ചയിക്കും. മാർപ്പാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക് ഉണ്ടാകും. പതിനൊന്ന് ദിവസമായി തുടരുന്ന സിറോ മലബാർ സഭ സിനഡും ഇന്ന് സമാപിക്കും. ഭൂമി വിവാദമടക്കം എറണാകുളം- അങ്കമാലി അതിരൂപതയിൽ രണ്ട് വർഷമായി പുകയുന്ന പ്രതിസന്ധികൾക്കുള്ള പരിഹാര നടപടികളാകും ഇന്നത്തെ പ്രഖ്യാപനത്തിലൂടെ ഉണ്ടാകുക.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ വികർ എന്ന പദവിയിൽ സ്വതന്ത്ര ചുമതലയുള്ള ബിഷപ് എത്തും. മാണ്ട്യ രൂപത ബിഷപ് ആയ ആന്‍റണി കരിയൽ ഈ ചുമതലയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ബിഷപ് ജോസഫ് ചിറ്റൂപറമ്പിൽ, ആർച്ച് ബിഷപ് ജോസ് ഭരണികുളങ്ങര എന്നിവരുടെ പേരുകളും സിനഡിന്‍റെ പരിഗണനയിലുണ്ടായിരുന്നു. സ്വതന്ത്ര ചുമതലയിൽ ബിഷപ് എത്തുകയാണെങ്കിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയെ അതിരൂപതയുടെ ദൈനംദിന ഭരണചുമതലയിൽ നിന്ന് മാറ്റും. പകരം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ആയി അദ്ദേഹം തുടരും. 

ഭൂമി ഇടപാട്, വ്യാജ രേഖ കേസ് അടക്കമുള്ളവയിൽ സഭയെ മുൾമുനയിൽ നിർത്തിയ ഒരു വിഭാഗം വൈദികർക്കും സിനഡ് കടിഞ്ഞാണിട്ടേക്കും. ഇതിന്‍റെ ഭാഗമായി നിലവിൽ സസ്പെൻഡ് ചെയ്യപ്പെട്ട സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ സ്ഥലം മാറ്റും. എന്നാൽ അതിരൂപത സഹായമെത്രാൻ പദവി തിരിച്ച് നൽകി വേണം സ്ഥലം മാറ്റമെന്ന ആവശ്യം സിനഡ് അംഗീകരിക്കുമോ എന്നാണ് ഇന്ന് അറിയാനുള്ളത്. മാണ്ട്യ ബിഷപ് എറമാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയിലേക്ക് വരികയാണെങ്കിൽ പകരം ബിഷപ് സെബാസ്റ്റ്യൻ എടയന്ത്രത്തിന് മാണ്ട്യയിലെ ചുമതല നൽകും.