Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ചുമതലയേൽക്കും

ഇന്ന് രാവിലെ 11 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിന്റെ പുതിയ ഗവർണറായ ആരിഫ് മുഹമ്മദ് ഖാന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും.

new kerala governor Arif Mohammed Khan will take charge today
Author
Thiruvananthapuram, First Published Sep 6, 2019, 6:15 AM IST

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും.

ഇന്നലെ രാവിലെയാണ് നിയുക്ത ഗവർണ‌ർ തിരുവനന്തപുരത്തെത്തിയത്. മന്ത്രിമാരായ എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചു. മുഖ്യമന്ത്രി രാജഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പി സദാശിവത്തിന്റെ പിൻഗാമിയായാണ് സംസ്ഥാനത്തിന്റെ 22-ാമത് ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേൽക്കുന്നത്.

ആരാണ് ആരിഫ് മുഹമ്മദ് ഖാൻ?

ഉത്തർപ്രദേശിൽ ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് സർവകലാശാലയിലും ലഖ്‍നൗ സർവകലാശാലയിലുമായാണ് പഠനം പൂർത്തിയാക്കിയത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1977-ൽ 26-ാം വയസ്സിൽ അദ്ദേഹം യുപി നിയമസഭയിലെത്തി. 1980-ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1980-ലും 84-ലും കാൻപൂരിൽ നിന്നും ബറൈച്ചിൽ നിന്നും അദ്ദേഹം ലോക്സഭയിലെത്തി. 

എന്നാൽ ഷാബാനു കേസിൽ കോൺഗ്രസ് മുസ്ലീം പുരോഹിതരുടെ സമ്മർദ്ദത്തിന് വഴങ്ങിയതിനെതിരായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായി തെറ്റി. പാർട്ടി വിട്ടു. പിന്നീട് ജനതാദളിൽ ചേർന്ന അദ്ദേഹം 1989-ൽ ദൾ സ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തി. 89-ൽ ജനതാദൾ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്രമന്ത്രിയായി. 

1998-ൽ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്‍പിയിലെത്തി. ബറൈച്ചിൽ നിന്ന് തന്നെ മത്സരിച്ച് വീണ്ടും ലോക്സഭയിലെത്തി. 2004-ൽ അദ്ദേഹം ബിഎസ്‍പി വിട്ട് ബിജെപിയിൽ ചേർന്നു. മത്സരിച്ചെങ്കിലും തോറ്റു. തുടർന്ന് അദ്ദേഹം ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.

Read Also: കോൺഗ്രസ്, ജനതാദള്‍ വഴി ബിജെപിയില്‍; ആരിഫ് മുഹമ്മദ് ഖാന്‍റെ രാഷ്‍ട്രീയ ജീവിതം ഇങ്ങനെ

Follow Us:
Download App:
  • android
  • ios