തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്ക് ശേഷം അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. പത്തു മണിയോടെയാണ് സത്യപ്രതിജ്ഞ നടന്നത്.

കോന്നിയില്‍ യുഡിഎഫ് കോട്ട തകര്‍ത്ത കെ യു ജനീഷ് കുമാറാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. മഞ്ചേശ്വരത്ത് വിജയിച്ച എം സി കമറുദ്ദീന്‍, വട്ടിയൂര്‍ക്കാവില്‍ ജയിച്ചു കയറിയ വി കെ പ്രശാന്ത്, അരൂരില്‍ സ്വപ്ന വിജയം നേടിയ ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്ത് ജയം നേടിയ ടി ജെ വിനോദ് എന്നിവരാണ് പിന്നീട് സത്യവാചകം ചൊല്ലിയത്.

കന്നഡ ഭാഷയിലാണ് മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. പാലായില്‍ നടന്ന ഉതരെഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി കാപ്പനും ഇന്ന് നിയമസഭയില്‍ ആദ്യ ദിനമാണ്. അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ നേരത്തെ കഴിഞ്ഞിരുന്നു. പൂര്‍ണമായും നിയമനിര്‍മാണം ലക്ഷ്യമാക്കിയാണ് സഭ ചേരുന്നത്.

എന്നാല്‍, ഉപതെരഞ്ഞെടുപ്പും മറ്റു വിവാദങ്ങളുമെല്ലാം സഭയെ പ്രക്ഷുബ്‍ദമാക്കും. ഉപതെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭാ സമ്മേളനത്തിനെത്തുന്നത്. പാലായും വട്ടിയൂർകാവും കോന്നിയും പിടിച്ചെടുത്തത് തന്നെയാകും ഭരണപക്ഷത്തിനറെ തുറപ്പുചീട്ട്. 

അതേ സമയം അരൂർ പിടിച്ചെടുത്തത് ഉയർത്തിക്കാട്ടിയാകും പ്രതിപക്ഷത്തിൻറെ പ്രതിരോധം. വാളയാറിലെ പെൺകുട്ടികളുടെ മരണവും മാർക്ക് ദാന വിവാദവും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. പാലാരിവട്ടം പാലം അഴിമതി ഭരണപക്ഷം ഉന്നയിക്കാനിടയുണ്ട്. നവംബർ 21 വരെ ചേരുന്ന സമ്മേളനത്തിൽ 16 ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ കൊണ്ടുവരും.