തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലെ പ്രചാരണം ശക്തമാക്കാൻ ദേശീയ ഏജൻസികളെ കൊണ്ട് വരാൻ ടെണ്ടറിൽ മാറ്റം വരുത്തി. ഇതിനായി വ്യവസ്ഥകളിൽ ഇളവ് വരുത്തികൊണ്ട് പുതിയ ഉത്തരവിറക്കി. ആദ്യ ടെണ്ടറിനോടുള്ള തണുത്ത പ്രതികരണം ആണ് മാറ്റത്തിന് കാരണം. 50 ലക്ഷത്തിന്റെ പദ്ധതിയുടെ പ്രചാരണ പരിചയം 15 ലക്ഷം ആക്കി കുറച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ എല്ലാ ചെലവുകളും ചുരുക്കി മുണ്ടുമുറുക്കി ഉടുക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ്, പ്രചാരണത്തിന് പുതിയ ഏജൻസിയെ കൊണ്ടുവരുന്നത്. നിലവിൽ സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങളുടെ പ്രചാരണത്തിന് പിആർഡിയും സി-ഡിറ്റും, ഓരോ പദ്ധതികൾക്കായി ചെറുകിട പി ആർ ഏജൻസികളുമുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയതലത്തിലുള്ള പുതിയ പി ആർ ഏജൻസി വരുന്നത്.

ഏജൻസിയെ തെരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ പിആർഡി അംഗീകരിച്ചിട്ടുണ്ട്. ഇതിനായി ഇവാല്വേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എത്ര തുകയാകും ഇതിനായി ചെലവാകുക എന്ന വിവരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു സോഷ്യൽ മീഡിയ ദേശീയ ഏജൻസിയെക്കൂടി നിയമിക്കുന്നത് ചർച്ചയാവുകയാണ്.