തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ ഒരു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ലഭിക്കുന്ന ഏഴാമത്തെ കുട്ടിയായ ഈ കുഞ്ഞിന് 'മേഘ്മൽഹാർ' എന്ന് പേരിട്ടു.
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഒരു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞ്. വെള്ളിയാഴ്ചത്തെ കനത്ത മഴയ്ക്കിടയിൽ വൈകുന്നേരം 6.30-നാണ് ഒരു ദിവസം മാത്രം പ്രായവും 3.25 കിലോഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ എത്തിയ ഏഴാം അതിഥി. മഴ പോലെ വന്ന കുഞ്ഞിന് 'മേഘ്മൽഹാർ' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി അറിയിച്ചു. മഴ ആഗ്രഹിച്ച് പാടുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രസിദ്ധമായ രാഗമാണ് മേഘ്മൽഹാർ.
ജനറൽ സെക്രട്ടറി ഉൾപ്പടെ സമിതി ആസ്ഥാനത്ത് ഉള്ള സമയത്താണ് തൊട്ടിലിൽ നിന്ന് നഴ്‌സിംഗ് സ്റ്റേഷനിലും സുരക്ഷാ ക്യാബിനിലും പുതിയ അതിഥിയുടെ വരവറിയിച്ച് അലാറം മുഴങ്ങിയത്. ഒപ്പം ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോനിട്ടറിൽ ചോരക്കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയതിൻ്റെ ചിത്രവും തെളിഞ്ഞു. ജനറൽ സെക്രട്ടറി അരുൺ ഗോപിയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരും സംരക്ഷണ ചുമതലയുണ്ടായിരുന്നവരും ഓടിയെത്തി കുരുന്നിനെ ശിശു പരിചരണ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക നിരീക്ഷണം നടത്തി. തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോൾ കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണ്.
2023 മെയ് മാസം മുതൽ മൂന്ന് വർഷം സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ പരിചരണത്തിലേക്ക് 106 കുട്ടികളാണ് എത്തിയതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ആണ്- 64 പേർ. കുറവ് പത്തനംതിട്ടയിലും- ഒരാൾ. കൊല്ലം 4, ആലപ്പുഴ 11, എറണാകുളം 2, കോട്ടയം 7, തൃശൂർ 6, കോഴിക്കോട് 8, കാസറഗോഡ് 2 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്. ഈ കാലയളവിൽ വിദേശത്തും സ്വദേശത്തുമായി 233 കുട്ടികളെയാണ് ദത്ത് നൽകിയത്. സ്വദേശം 206, വിദേശം 27. ഏറ്റവും കൂടുതൽ പേർ കടൽ കടന്നത് ഇറ്റലിയിലേക്കാണ്- 10 പേർ. മറ്റുള്ളവർ അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, യു. എ. ഇ, സ്വീഡൻ എന്നീ രാജ്യങ്ങളിലേക്കും ദത്ത് പോയി.
സംസ്ഥാനത്ത് സമിതിയുടെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് എന്നീ ദത്തെടുക്കൽ ശിശുപരിചരണ കേന്ദ്രങ്ങൾ, തിരുവനന്തപുരത്തെ വീട് ബാലികാ മന്ദിരം, വയനാട് ഗേൾസ് എൻട്രി ഹോം എന്നിവടങ്ങളിലായി 285 കുട്ടികളാണ് പരിചരണയിലുള്ളത്. മേഘ്മൽഹാറിൻ്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജി എൽ അരുൺ ഗോപി അറിയിച്ചു.
