നെയ്യാറ്റിൻകര പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിലെ വസന്തയും രാജൻ അടക്കമുള്ള അയൽവാസികളുമായുള്ള ഭൂമിതർക്കം തുടങ്ങുന്നത് 2019-ലാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിൻറെ ഉടമസ്ഥാവകാശം പരിശോധിക്കാൻ തഹസിൽദാറെ ചുമതലപ്പെടുത്തി തിരുവനന്തപുരം ജില്ലാ കലക്ടർ. ഒരു വർഷമായി തുടരുന്ന നിയമ യുദ്ധമാണ് കേരളത്തെ ഞെട്ടിച്ച ദാരുണസംഭവത്തിലേക്കെത്തിച്ചത്. മുൻസിഫ് കോടതി നിയോഗിച്ച അഭിഭാഷകകമ്മിഷൻ റിപ്പോർട്ടുകളെല്ലാം ഹർജിക്കാരിയായ വസന്തക്ക് അനുകൂലമായിരുന്നു.
നെയ്യാറ്റിൻകര പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിലെ വസന്തയും രാജൻ അടക്കമുള്ള അയൽവാസികളുമായുള്ള ഭൂമിതർക്കം തുടങ്ങുന്നത് 2019-ലാണ്. വസന്തയുടെ വീടിൻറെ എതിർവശത്തുള്ള തൻ്റെ അമ്മയുടെ വീട്ടിലായിരുന്നു മരിച്ച രാജനും കുടുംബവും ആദ്യം താമസിച്ചത്. പിന്നീടാണ് വസന്തയുടെ വീടിനോട് ചേർന്നുള്ള മൂന്ന് സെൻറ് ഭൂമിയിലേക്ക് ഷെഡ് വെച്ച് രാജനും കുടുംബവും മാറിയത്.
2006-ൽ സുഗന്ധി എന്ന ആളിൽ നിന്നും വിലയാധാരമായി വാങ്ങിയതാണ് ഈ സ്ഥലമെന്നും അതിയന്നൂർ പഞ്ചായത്തിൽ ഈ ഭൂമിക്ക് കരമടച്ചിട്ടുണ്ടെന്നുമാണ് വസന്ത പറയുന്നത്. രാജനടക്കം അഞ്ച് പേർ തൻ്റെ സ്ഥലം കയ്യേറിയെന്ന് കാണിച്ചാണ് വസന്ത മുൻസിഫ് കോടതിയെ സമീപിക്കുന്നത്.
സ്ഥലം പരിശോധിക്കാൻ അഭിഭാഷക കമ്മീഷനെ വച്ചു. ജനുവരിൽ സ്ഥലം പരിശോധിച്ച അഭിഭാഷക കമ്മീഷൻ 9 സെന്റിൽ ആറ് സെന്റിൽ വസന്തയുടെ വീടും 3 സെന്റിൽ കൃഷിഭൂമിയുമാണെന്ന് റിപ്പോർട്ട് നൽകി. തൽസ്ഥിതി തുടരാൻ 2020 ജനുവരി 9ന് കോടതി ഉത്തരവിട്ടു. അയൽവാസികൾ ഭൂമിയിൽ അതിക്രമിച്ച കടന്ന് കൃഷിയിടം നശിപ്പിക്കുന്നുവെന്ന് കാണിച്ച് വസന്ത വീണ്ടും കോടതിയെ സമീപിച്ചു.
തല്സ്ഥിതി തുടരാനുള്ള കോടതി ഉത്തരവ് ലംഘിച്ചോ എന്ന് പരിശോധിക്കാൻ വീണ്ടും അഭിഭാഷകകമ്മീഷനോട് കോടതി നിർദ്ദേശിച്ചു. നേരത്തെ കൃഷിയിടമായിരുന്ന സ്ഥലത്ത് ഗേറ്റ് പൊളിച്ച് കയറി ഷെഡ് സ്ഥാപിച്ചുവെന്ന റിപ്പോർട്ട് മാർച്ച് 3ന് കമ്മീഷൻ കോടതിയെ അറിയിച്ചു. ഈ വീട് പൊളിച്ച് മാറ്റണമെന്ന വസന്തയുടെ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ കോടതി ജൂൺ 16ന് നിർദ്ദേശിച്ചു.
വസന്തയുടെ ഹർജിക്കെതിരെ രാജൻ മുൻസിഫ് കോടതിയെയും സബ് കോടതിയെയും സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയില്ല. ഉടമസ്ഥാവകാശത്തിനായി വസന്ത വ്യാജരേഖ ചമച്ചെന്നായിരുന്നു രാജൻറെ വാദം. ഡിസംബർ 15-നാണ് പൊലീസ് സഹായത്തോടെ രാജനെയും കുടുബെത്തെയും ഒഴിപ്പാക്കാൻ കോടതി നിർദ്ദേശിച്ചത്. 22ന് രാവിലെ ഒഴിപ്പിക്കാൻ വരുമെന്ന് ഇരുവിഭാഗത്തയെും അഭിഭാഷകരെ അറിയിച്ചുവെന്നാണ് അഭിഭാഷക കമ്മീഷൻ വിശദീകരണം.
ഈ ദിവസം തന്നെ ഹൈക്കോടതിയിൽ സ്റ്റേ അപേക്ഷ പരിഗണിക്കുന്നതിനാൽ ഒഴിപ്പിക്കൽ നടപടികൾ തല്ക്കാലം മരവിപ്പിക്കണമെന്ന് രാജൻ്റെ അഭിഭാഷകൻ മുൻസിഫ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് നടപ്പിലാക്കുന്നത് മുൻസിഫ് കോടതി മാറ്റിവെച്ചതും ഹൈക്കോടതി സ്റ്റേ നൽകിയതും 22ന്. പക്ഷെ സ്റ്റേ ഉത്തരവ് വരും മുൻപ് 22ന് തന്നെ കേരളത്തെ പിടിച്ച് കുലുക്കിയ സംഭവമുണ്ടായി.
ഹൈക്കോടതി വിധി കാക്കാതെ എന്തിന് പൊലീസ് തിടുക്കും കാണിച്ചുവെന്നതാണ് പ്രധാനചോദ്യം. നെയ്യാറ്റിൻകര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാറാണ് അഭിഭാഷകകമ്മീഷൻ അഡ്വക്കേറ്റ് ഉഷാകുമാരിക്കൊപ്പം 22ന് രാജനറെ വീട്ടിലെത്തിയത്. ദേഹത്ത് പെട്രോളൊഴിച്ച രാജൻ്റെ കയ്യിൽ നിന്നും ലൈറ്റർ തട്ടിമാറ്റാൻ ശ്രമിച്ചത് അനിൽകുമാറാണ്. രാജൻ്റെ മൃതദേഹം സ്ഥലത്ത് കുഴിച്ചുമൂടാൻ ശ്രമിച്ച മകനോട് വാക്ക് തർക്കത്തിലേർപ്പെട്ടത് നെയ്യാറ്റിൻകര സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സെന്തിലായിരുന്നു. ദമ്പതികളുടെ മരണത്തിനിടയാക്കിയ ഭൂമി തർക്കത്തിൽ ഇനി നെയ്യാറ്റിൻകര തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ടാണ് നിർണ്ണായകം
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 30, 2020, 5:58 PM IST
Post your Comments