തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് വീട് വെച്ചു നൽകാൻ കളക്ടറുടെ ശുപാർശ. ഒന്നുകിൽ കല്ലടിമുക്കിലെ നഗരസഭ ഫ്ലാറ്റ് നൽകാം അല്ലെങ്കിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും പഞ്ചായത്ത്‌ വഴി നൽകാം എന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച തർക്ക സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോടതിയുടെ അന്തിമ തീർപ്പിന് ശേഷം പരിഗണിക്കാം. രാജന്റെ കുടുംബത്തിന് അർഹമായ ധനസഹായം നൽകണം എന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. 

അതേ സമയം ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിൻറെ ഉടമസ്ഥാവകാശം പരിശോധിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ തഹസിൽദാറെ ചുമതലപ്പെടുത്തി. ഒരു വർഷമായി തുടരുന്ന നിയമ യുദ്ധമാണ് കേരളത്തെ ഞെട്ടിച്ച ദാരുണസംഭവത്തിലേക്കെത്തിച്ചത്. മുൻസിഫ് കോടതി നിയോഗിച്ച അഭിഭാഷകകമ്മിഷൻ റിപ്പോർട്ടുകളെല്ലാം ഹർജിക്കാരിയായ വസന്തക്ക് അനുകൂലമായിരുന്നു. ഉടമസ്ഥാവകാശത്തിനായി വസന്ത വ്യാജരേഖ ചമച്ചെന്നായിരുന്നു മരിച്ച രാജന്റെ വാദം. ദമ്പതികളുടെ മരണത്തിനിടയാക്കിയ ഭൂമി തർക്കത്തിൽ ഇനി നെയ്യാറ്റിൻകര തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ടാണ് നിർണ്ണായകമാകുക.