Asianet News MalayalamAsianet News Malayalam

രാജന്‍റെയും അമ്പിളിയുടെയും മക്കൾക്ക് സർക്കാർ വീട് വച്ച് നൽകും, സംരക്ഷണം ഏറ്റെടുക്കും

തർക്കഭൂമി ഒഴിപ്പിക്കുന്ന നടപടികൾക്കിടെയാണ് നെയ്യാറ്റിൻകര സ്വദേശികളായ രാജനും ഭാര്യ അമ്പിളിയും മരിച്ചത്. പെട്രോളൊഴിച്ച് നിന്ന രാജന്‍റെ കയ്യിലുണ്ടായിരുന്ന ലൈറ്ററിൽ നിന്ന് പൊലീസുമായുണ്ടായ തർക്കത്തിനിടെ തീയാളുകയായിരുന്നു.

neyyattinkara deaths government will give home for rajans kids
Author
Thiruvananthapuram, First Published Dec 29, 2020, 10:49 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ മരിച്ച രാജന്‍റെയും അമ്പിളിയുടെയും രണ്ട് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. കുട്ടികൾക്ക് വീടും സ്ഥലവും നൽകും. തീയാളി മരിച്ച ഇരുവരുടെയും അനാഥരായ മക്കളുടെ വാക്കുകൾ കേരളം വേദനയോടെയാണ് കേട്ടുനിന്നത്. 

രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. വിഷയം വലിയ വിവാദമായതിനെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തരനിർദേശം നൽകുകയായിരുന്നു. ഇന്ന് തൃശ്ശൂരിലും എറണാകുളത്തുമായി കേരളപര്യടനപരിപാടിയിലാണ് മുഖ്യമന്ത്രി. 

അതേസമയം, കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം അറിയിച്ചു.

''ഞങ്ങൾക്ക് അച്ഛൻ പോയി. അമ്മയും പോയാൽ പിന്നെ ഈ തെരുവില് നിന്ന് നീറി നീറി മരിക്കത്തേയുള്ളൂ, ഞങ്ങൾക്കിനി ആരുണ്ട്?'', അച്ഛന്‍റെ മൃതദേഹമുള്ള മോർച്ചറിക്ക് മുന്നിൽ നിന്ന് രഞ്ജിത്തും രാഹുലും പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത് നീറുന്ന ദൃശ്യമായിരുന്നു. തർക്കഭൂമി ഒഴിപ്പിക്കുന്ന നടപടികൾക്കിടെയാണ് നെയ്യാറ്റിൻകര സ്വദേശികളായ രാജനും ഭാര്യ അമ്പിളിയും മരിച്ചത്. പെട്രോളൊഴിച്ച് നിന്ന രാജന്‍റെ കയ്യിലുണ്ടായിരുന്ന ലൈറ്ററിൽ നിന്ന് പൊലീസുമായുണ്ടായ തർക്കത്തിനിടെ തീയാളുകയായിരുന്നു.

എന്നാൽ മൂന്ന് സെന്‍റ് ഭൂമി ഒഴിപ്പിക്കുന്നത് പോലെയുള്ള ഇത്തരം ചെറിയ കേസുകൾ സംയമനത്തോടെയും സഹാനുഭൂതിയോടെയും പൊലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

അതേസമയം, പൊലീസും വീട് ഒഴിപ്പിക്കാൻ ഹർജി നൽകിയ അയൽക്കാരും തമ്മിൽ ഒത്തുകളിച്ചുവെന്നാണ് രാജന്‍റെ മക്കൾ ആരോപിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ മണിക്കൂറുകൾക്കകം വരുമെന്നറിഞ്ഞ്, പൊലീസ് ഒഴിപ്പിക്കാൻ നോക്കിയെന്ന ഗുരുതരമായ ആരോപണം രാജന്‍റെ മക്കൾ ഉന്നയിച്ചു. ഈ സാഹചര്യത്തിൽ ഡിജിപി എന്താണ് സംഭവിച്ചതെന്നതിൽ റൂറൽ എസ്പിയോട് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

നേരത്തേ യൂത്ത് കോൺഗ്രസും കുട്ടികൾക്ക് വീടും സ്ഥലവും നൽകാൻ സന്നദ്ധത അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios