ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്‍റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട്ടിലെ 48കാരിയായ പ്രിയംവദയുടെ കൊലപാതകത്തിൽ വഴിത്തിരിവായത് പ്രതിയുടെ ഭാര്യാമാതാവിന്‍റെ വെളിപ്പെടുത്തൽ. കൊലപാതകത്തിൽ പ്രിയംവദയുടെ അയൽവാസി വിനോദ് ആണ് പിടിയിലായത്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്‍റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്. പ്രതിയുടെ മകള്‍ കട്ടിലിന് താഴെ ഒരു കൈ കണ്ടുവെന്ന് അമ്മൂമ്മയോട് പറഞ്ഞിരുന്നു.
ഈ വിവരമാണ് ഇവര്‍ വൈദികനോട് അറിയിച്ചത്. കൊലപാതക സംശയം ചൂണ്ടികാണിച്ച് നാട്ടുകാരടക്കം പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മത മൊഴി ലഭിച്ചത്. സാമ്പത്തിക തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പ്രതി വിനോദ് നൽകിയ മൊഴി. പ്രതി വിനോദ് നൽകാനുള്ള പണം പ്രിയംവദ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.
ഇക്കഴിഞ്ഞ 12ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയം പ്രിയംവദയെ വീട്ടിൽ കയറ്റി മര്‍ദിച്ചു. പിന്നീട് ബോധരഹിതയായപ്പോൾ തൊട്ടുടുത്തുള്ള മറ്റൊരു'വീട്ടിൽ കൊണ്ടിടുകയായിരുന്നു. ബോധംവീണപ്പോൾ കഴുത്തു ഞെരിച്ച് കട്ടിലടിയിൽ വെച്ചു. രാത്രി വീട്ടിനോട് ചേർന്ന് കുഴിയെടുത്ത് പാറമണല്‍ കൊണ്ട് മൂടിയെന്നാണ് വിനോദിന്‍റെ മൊഴി.
തൊട്ടടുത്ത വീട്ടുകാരിയായ പ്രിയംവദയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കൾ അന്വേഷിക്കുമ്പോൾ പ്രതിയായ വിനോദും കാര്യങ്ങൾ അന്വേഷിച്ചു. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികളടക്കം പൂര്‍ത്തിയാക്കുന്നതിനായി പൊലീസ് ആര്‍ഡിഒയുടെ അനുമതി തേടിയിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് പ്രിയവദയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടിയതായി വിനോദ് മൊഴി നൽകിയിരുന്നു.

