ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കള്‍ മാര്‍ക്കറ്റില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. 

ഭുവനേശ്വര്‍: ഭര്‍ത്താവിനെ കൊന്ന് വീടിന് പിറകില്‍ കുഴിച്ചിട്ട കേസില്‍ യുവതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 27 ന് രാത്രി മരത്തടികൊണ്ട് അടിച്ചാണ് ഭര്‍ത്താവായ ബാബുലി മുണ്ഡ (36) യെ കൊലപ്പെടുത്തിയതെന്ന് ദുമാരി മുണ്ഡ (30) പൊലീസിനോട് പറഞ്ഞു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം ഇവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. 

ഇരുവരും വിവാഹിതരായത് ഏഴ് വര്‍ഷം മുമ്പാണ്. ബാലസോര്‍ ജില്ലാ സ്വദേശിയായിരുന്നു ബാബുലി. കല്യാണത്തിന് ശേഷം രണ്ടുപേരും ദുമാരിയുടെ മാതാപിതാക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ദുമാരിയുടെ മാതാപിതാക്കള്‍ മാര്‍ക്കറ്റില്‍ പോയ സമയത്താണ് കൊലപാതകം നടക്കുന്നത്. തര്‍ക്കത്തിനിടെ ദുമാരി മരത്തടി കൊണ്ട് ഭര്‍ത്താവിനെ തല്ലി. ഉടനെ ഇയാള്‍ മരിക്കുകയായിരുന്നു. മാതാപിതാക്കള്‍ തിരിച്ചുവന്ന ശേഷം നടന്ന കാര്യങ്ങള്‍ ദുമാരി അവരോട് വിവരിച്ചു. ശേഷം മൂന്ന് പേരും ചേര്‍ന്ന് മൃതശരീരം വീടിന് പിറകില്‍ കുഴിച്ച് മൂടി. കൊലപാതക വിവരം അറിഞ്ഞ നാട്ടുകാര്‍ ദുമാരിയോട് പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ദുമാരി സ്റ്റേഷനിലെത്തി വിവരം പൊലീസിനോട് തുറന്ന് പറഞ്ഞു. 

സുകിന്ദ പൊലീസ് കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാബുലിയുടെ മൃതശരീരം പുറത്തെടുത്ത് പേസ്റ്റ് മോര്‍ട്ടത്തിനയച്ചതായും പ്രതി തനിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു. ബാബുലി മദ്യപാനിയാണെന്നും. വീട്ടില്‍ മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്നും. ഉപദ്രവം തനിക്ക് മടുത്തതായും ദുമാരി പൊലീസിനോട് പറഞ്ഞു. 

Read More: ബന്ധുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 19 കാരിയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തു; 2പേര്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം