കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ ഡിജിറ്റൽ തെളിവുകൾ 2000 ജിബി ഉണ്ടെന്ന് എൻഐഎ. ഡിജിറ്റൽ രേഖകൾ പ്രതികൾക്ക് എതിരായ ശക്തമായ തെളിവുകളാണ്. സ്വപ്നയുടെയും സന്ദീപിന്റെയും ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്നാണ് തെളിവുകൾ വീണ്ടെടുത്തത്.  വാട്സ്ആപ് ചാറ്റുകൾ അടക്കം വീണ്ടെടുത്തെന്നും എൻഐഎ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികൾ  നടത്തിയ ഫോൺ സംഭാഷണങ്ങൾ, വിവിധ ചാറ്റുകൾ , ഫോട്ടോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളാണ് എൻഐഎ വീണ്ടെടുത്തത്.  സി- ഡാക്കിലും ഫോറൻസിക് ലാബിലുമായി നടത്തി പരിശോധനയിലാണ്  മായ്ച്ചുകളഞ്ഞ ചാറ്റുകൾ അടക്കം വീണ്ടെടുത്ത്. കേസിൽ ഡിജിറ്റ‌ൽ തെളിവുകൾ   മുഖ്യ തെളിവാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വപ്ന, സന്ദീപ് എന്നിവരുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് മാത്രം 2000 ജിബി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചില ഉന്നതരുമായി അടക്കം നടത്തി സംഭാഷണങ്ങളുടെ സ്ക്രീൻ ഷോട്ട് അടക്കം കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കുന്നു. മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, അൻവർ, ഇബ്രഹീം അലി എന്നിവരുടെ ഫോണുകളിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 

അതേസമയം,  കേസിലെ പ്രതികളെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. സ്വപ്ന സുരേഷ്, മുഹമ്മദ്‌ അൻവർ  ഒഴികെയുള്ള നാല് പ്രതികളെ ആണ് കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെ ആണ് കസ്റ്റഡി. പ്രതികളുടെ ഫോൺ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായാണ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയത്.

നെഞ്ച് വേദനയെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സ്വപ്നയെ ആൻജിയോ​ഗ്രാം  ചെയ്തതിനു ശേഷമുള്ള മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ  കോടതിയിൽ ഹാജരാക്കുകയുള്ളു. കോടതി ഉത്തരവുണ്ടായിട്ടും സ്വപ്നയെ കാണാൻ ബന്ധുക്കളെ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ നിർദ്ദേശം നൽകാമെന്ന് കോടതി അറിയിച്ചു.