Asianet News MalayalamAsianet News Malayalam

സ്വർണക്കടത്തിൽ സ്വപ്നയ്ക്ക് നിർണായക പങ്ക്, മുഖ്യമന്ത്രിയുടെ ഓഫീസിലും വൻ സ്വാധീനമെന്ന് എൻഐഎ

സംസ്ഥാന ഐടി വകുപ്പിൻ്റെ സ്പേസ് പാർക്ക് പ്രൊജക്ടിലും സ്വപ്നയ്ക്ക് നിർണായക സ്വാധീനമുണ്ടായിരുന്നു . മുഖ്യമന്ത്രിയുടെ ഓഫിസിലും യുഎഇ കോൺസുലേറ്റിലും വലിയ ഇടപെടൽ നടത്താനുള്ള ശേഷി അവ‍ർ നേടിയെടുത്തിരുന്നു.

nia against swapna suresh
Author
Kochi, First Published Aug 6, 2020, 12:42 PM IST

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് നിർണായക പങ്കെന്ന് എൻഐഎ. കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം നടക്കുമ്പോൾ ആണ് എൻഐഎ ഇക്കാര്യം പറഞ്ഞത്. 

സംസ്ഥാന ഐടി വകുപ്പിൻ്റെ സ്പേസ് പാർക്ക് പ്രൊജക്ടിലും സ്വപ്നയ്ക്ക് നിർണായക സ്വാധീനമുണ്ടായിരുന്നു . മുഖ്യമന്ത്രിയുടെ ഓഫിസിലും യുഎഇ കോൺസുലേറ്റിലും വലിയ ഇടപെടൽ നടത്താനുള്ള ശേഷി അവ‍ർ നേടിയെടുത്തിരുന്നു. സ്വപ്നയുടെ അറിവില്ലാതെ ഒരു കാര്യം പോലും യുഎഇ കോൺസുലേറ്റിൽ നടന്നിരുന്നില്ലെന്നും എൻഐഎ കോടതിയിൽ വെളിപ്പെടുത്തുന്നു. 

കോൺസുലേറ്റിൽ നിന്ന് സ്വപ്ന രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നുവെന്നും വിദേശത്തും സ്വപ്നയ്ക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായ എം.ശിവശങ്കറുമായി അടുത്ത ബന്ധമാണ് സ്വപ്ന സുരേഷ് പുല‍ർത്തിയിരുന്നത്. തന്റെ അഭ്യുദയകാംക്ഷിയായിരുന്നു ശിവശങ്കറെന്നാണ് സ്വപ്ന എൻഐഎക്ക് നൽകിയ മൊഴി. 

സ്പേസ് പാർക്കിൽ ജോലി വാഗ്ദാനം ചെയ്ത് സ്വപ്നയെ പദ്ധതിയിലേക്ക് കൊണ്ടു വന്നത് ശിവശങ്കറാണ്. സ്പേസ് പാർക്ക്‌ പ്രോജെക്ടിൽ സ്വപ്നക്ക് വൻ സ്വാധീനമുണ്ട്. സ്വ‍ർണക്കടത്തിൽ താഴെത്തട്ടിലെ കണ്ണിയല്ല നി‍ർണായക സ്വാധീനമുള്ള ഇടനിലക്കാരിയാണ് സ്വപ്നയെന്നും എൻഐഎ കോടതിയെ അറിയിച്ചു. സ്വര്ണക്കടത്തിൽ ഇടപെട്ടവർക്ക് ഓരോ ഇടപാടിലും 50,000 രൂപ കിട്ടിയെന്നും എൻഐഎ വെളിപ്പെടുത്തുന്നു. 

Follow Us:
Download App:
  • android
  • ios