കൊച്ചി: നയതന്ത്ര കള്ളക്കടത്ത് റാക്കറ്റിന് ഭീകരബന്ധം ഉണ്ടെന്നാരോപിച്ച് രംഗത്തെത്തിയ എന്‍ഐഎ, അന്വേഷണം തുടങ്ങി ആറ് മാസം കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പുന്നു. ഭീകര ബന്ധത്തിന് തെളിവ് എവിടെയെന്ന കോടതിയുടെ ചോദ്യത്തിന്  മുന്നില്‍ ഉത്തരം മുട്ടിയതോടെ യുഎപിഎ ചുമത്തിയ 12 പ്രതികളെ  കോടതി ജാമ്യത്തിൽ വിടുകയും ചെയ്തു. ഇനിയും ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാനുണ്ടെന്നും ഇതിലൂടെ ഭീകരബന്ധം തെളിയുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ്  എന്‍ഐ എ ഇപ്പോഴും.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ചാടി വീഴുന്നത് കഴിഞ്ഞ ജൂലൈ ഒൻപതിനായിരുന്നു. കസ്റ്റംസ്  സ്വര്‍ണം കണ്ടെടുത്ത് അഞ്ചാം ദിവസമായിരുന്നു ഇത്. കള്ളക്കടത്ത് റാക്കറ്റിന് ഭീകര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു എന്‍ഐഎയുടെ പടയൊരുക്കും. പിന്നെ കണ്ടത് അറസ്റ്റുകളുടെയും റെയ്ഡുകളുടെയും നീണ്ട നിര. കള്ളക്കടത്ത് കേസ് കണ്ടുപിടിച്ച കസ്റ്റംസിന് ആകെയുള്ളത് 26 പ്രതികള്‍. പക്ഷെ എന്‍ഐഎ കസ്റ്റംസിനേയും കടത്തിവെട്ടി. യുഎപിഎ ചുമത്തി എന്‍ഐ എ അറസറ്റ് ചെയ്തത് 30 പേരെ. അറസ്റ്റ് ചെയ്യാതെ പ്രതി ചേര്‍ത്തവര്‍  വേറെയുമുണ്ട്.

ജ്വല്ലറി ഉടമയുടെ നിര്‍ദ്ദേശപ്രകാരം  സ്വര്‍ണപാക്കറ്റ് എടുക്കാന്‍ പോയ ഡ്രൈവര്‍ക്കും സഹായിക്കുമെതിരെ പോലും യുഎപിഎ ചുമത്തി. അന്വേഷണം രണ്ട് മാസം പിന്നിട്ടതോടെ ഭീകര ബന്ധത്തിന് തെളിവ് എവിടെയെന്ന് കോടതി തന്നെ ചോദിച്ചു തുടങ്ങി. ആദ്യം ചൂണ്ടിക്കാട്ടിയത് മുവാറ്റുപുഴ സ്വദേശി മുഹമ്മദ് അലിയെ. പ്രൊഫസറുടെ കൈവെട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് അലിക്ക് സ്വര്‍ണക്കടത്തിലും ബന്ധമുണ്ടെന്നായിരുന്നു വാദം. എന്നാല്‍ കൈവെട്ട് കേസില്‍ മുഹമ്മദലിയെ  തെളിവില്ലെന്ന് കണ്ട്  വെറുതെ വിട്ടതല്ലെ എന്ന് കോടതി ചോദിച്ചതോടെ ആ വാദം പൊളിഞ്ഞു. ദാവൂദ് ഇബ്രാഹിമിന്‍റെ പേരെടുത്തിട്ടു. താന്‍സാനിയയിൽ ഡി സംഘത്തില്‍പ്പെട്ട ഒരു ദക്ഷിണേന്ത്യാക്കാരനുള്ളതായി വിവരമുണ്ട്. കള്ളക്കടത്തിലെ രണ്ട് പ്രതികള്‍  ഇടയ്ക്ക് താന്‍സാനിയയിൽ പോയിട്ടുള്ളതിനാല്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടാകാം എന്നായിരന്നു  വാദം.  ഇത് ഫലിക്കാതെ വന്നതോടെ പുതിയ വാദമെത്തി. സ്വര്‍ണക്കടത്ത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്  തീവ്രവാദത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു എന്‍ഐഎയുടെ വാദം.  സ്വര്‍ണക്കടത്ത് തടയാനുള്ള മാര്‍ഗം യുഎപിഎ ആണോ എന്ന് കോടതി ചോദിച്ചതോടെ അതും ഫലം കണ്ടില്ല.

കള്ളക്കടത്തിന് ഗുഢാലോചന നടത്തിയവര്‍ക്കും  ലാഭം മാത്രം ലക്ഷ്യമിട്ട് പണം മുടക്കിയവര്‍ക്കുമെതിരെ ഒരു പോലെ യുഎപിഎ ചുമത്തിയ നടപടിയെയും കോടതി ചോദ്യം ചെയ്തു. ഇതെങ്ങിനെ ന്യായീകരിക്കാന്‍ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അപ്പോഴാണ് വിചിത്ര ന്യായവുമായി എന്‍ഐഎ രംഗത്ത് വന്നത്. 95 ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് കാത്തിരിക്കുകയാണെന്നും ഭീകരബന്ധത്തിനുള്ള തെളിവ് അതിലുണ്ടാവുമെന്നാണ്  പ്രതീക്ഷയെന്നുമായിരുന്നു വാദം. എന്നാല്‍ വെറും പ്രതീക്ഷകള്‍വെച്ച് ആളുകളെ ജയിലിലിടാന്‍ ആവില്ലെന്നായി കോടതി. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 ന്, സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കില്ലാത്ത, പണം മാത്രം മുടക്കിയ 12 പ്രതികളെ ജാമ്യത്തില്‍വിടുകയും ചെയ്തു. പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയാണ് എൻഐഎ ഇപ്പോള്‍.