Asianet News MalayalamAsianet News Malayalam

സ്വ‍ർണക്കടത്ത് കേസിന് തീവ്രവാദ ബന്ധം ? കൈവെട്ട് കേസിലെ പ്രതിയും അറസ്റ്റിൽ

സ്വർണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം പത്തായി. 

nia hints about terror link to gold smuggling case
Author
Kochi, First Published Aug 2, 2020, 6:06 PM IST

ദില്ലി: സ്വർണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരിൽ കൈവെട്ടു കേസ് പ്രതിയും. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ ടി.ജെ.ജോസഫിൻ്റെ കൈവെട്ടിയ കേസിൽ പൊലീസ് പ്രതി ചേർത്ത മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലിയും പിടിയിലായവരിൽ ഉൾപ്പെടുന്നു. 

അറസ്റ്റിലായവരിൽ ചിലർക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെന്നും പലരും പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകരാണെന്നും എൻഐഎ വ്യക്തമാക്കുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ആറ് സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും കേസിൽ ഇതുവരെ പത്ത് പേർ കസ്റ്റഡിയിലുണ്ടെന്നും എൻഐഎ അറിയിക്കുന്നു. 

എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ജലാൽ, മലപ്പുറം വേങ്ങര സ്വദേശി സയ്യീദ് അലവി എന്നിവരെ ജൂലൈ മുപ്പതിന് പിടികൂടിയതായി എൻഐഎ വാർത്താക്കുറിപ്പിൽ പറയുന്നു. സ്വർണക്കടത്ത് കേസിൻ്റെ മുഖ്യആസൂത്രകനായ കെടി റമീസുമായി ചേർന്ന് നയതന്ത്രചാനൽ വഴി സ്വർണം കടത്തിയവരാണ് ഇരുവരും എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. 

അടുത്ത ദിവസം അതായത് ജൂലൈ 31-ന് മറ്റു രണ്ട് പേരെ കൂടി എൻഐഎ പിടികൂടി. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി, മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്ദു പി.ടി എന്നിവരാണ് സ്വർണക്കടത്തിലെ പങ്കാളിത്തം കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടത്. 

ഇന്നലെ അതായത് ആഗസ്റ്റ് ഒന്നിന് മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരേയും എൻഐഎ പിടികൂടി. സ്വർണക്കടത്തിനായി കെടി റമീസിനേയും ജലാലിനേയും സഹായിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം മറ്റുള്ളവർക്ക് വിതരണം ചെയ്യുകയും മറ്റും ചെയ്തത് ഇവരാണ് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 

ഇവരിൽ മുഹമ്മദ് അലി എന്നയാൾ കൈവട്ടു കേസിലെ പ്രതികളിലൊരാളായിരുന്നു. എന്നാൽ വിചാരണയ്ക്ക് ഒടുവിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ കോടതി വെറുതെവിട്ടു. ഇയാൾ പോപ്പുലർ ഫ്രണ്ടിൻ്റെ സജീവ പ്രവർത്തകനാണെന്നും എൻഐഎ വ്യക്തമാക്കുന്നു. 

ഇന്ന് മാത്രം പ്രതികളായ ജലാൽ, റാബിൻസ് അഹമ്മദ്,  കെടി റമീസ്, മൊഹമ്മദ് ഷാഫി, സെയ്ദ്ദ് അലവി, പിടി അബ്ദു എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയെന്നും ഇവിടെ നിന്നും രണ്ട് ഹാർഡ് ഡിസ്കുകൾ, ഒരു കമ്പ്യൂട്ടർ, എട്ട് മൊബൈൽ ഫോണുകൾ, ആറ് സിം കാർഡുകൾ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ എന്നിവ പിടിച്ചെടുത്തതായും എൻഐഎ വ്യക്തമാക്കുന്നു. പ്രതികളുടെ ബാങ്ക് രേഖകളും തിരിച്ചറിയൽ രേഖകളും എൻഐഎ കസ്റ്റഡയിൽ എടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആറ് സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി എൻഐഎ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios