കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കണ്ണൂർ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ അഭിലാഷ്, വയനാട് സ്വദേശികളായ വിജിത്, എൽദോ എന്നിവരെയാണ്  വിട്ടയച്ചത്. തിങ്കളാഴ്ച കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചതെന്ന് അഭിലാഷ് പറഞ്ഞു. പന്തീരങ്കാവ് കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസമാണ് മൂന്നു പേരെയും ചോദ്യം ചെയ്തത്. അതേസമയം ഇവർക്ക് നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായുള്ള ബന്ധം തെളിയിക്കുന്ന തെളിവുകൾ കിട്ടിയതായാണ് എൻഐഎ സംഘം നൽകുന്ന സൂചന.

ഇന്നലെ രാവിലെ കോഴിക്കോട് ന​ഗരത്തിലെ വീട്ടിൽ നിന്നാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിലാഷിന്‍റെയും ഭാര്യയുടെയും ലാപ്‍ടോപ്പുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. മാവൂരിലെ വാടക മുറിയിൽ നിന്നാണ് വിജിത്തിനേയും അഭിലാഷിനേയും കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് പരിയങ്ങാട്ടെ സ്വകാര്യ സ്കൂളില്‍ അധ്യാപകരായി ജോലി ചെയ്യുകയാണ് വയനാട് സ്വദേശകളായ വിജിതും എല്‍ദോയും. ഇവര്‍ താമസിക്കുന്ന വീട്ടിലെത്തിയ എന്‍ഐഎ സംഘം അഞ്ച് മണിക്കൂറഖിലേറെ നേരം ചോദ്യം ചെയ്തശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.