തിരുവനന്തപുരം: നയതന്ത്രബാഗ് വഴി യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തിൽ വട്ടിയൂർക്കാവ് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റില്‍ എത്തിച്ച 32 പാക്കറ്റ് മതഗ്രസ്ഥങ്ങള്‍ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിൽ എത്തിച്ചത്. 

ഒരു പാക്കറ്റ് ഈ സ്ഥാപനത്തിൽ വച്ച് പൊട്ടിച്ചുവെന്നും എൻഐഎയുടെ ചോദ്യം ചെയ്യലിൽ മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. മന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം സി- ആപ്റ്റിൽ പരിശോധന നടത്തിയത്. മതഗ്രന്ഥങ്ങള്‍ സി-ആപ്റ്റിലെ സ്റ്റോറിലാണ് സൂക്ഷിച്ചിരുന്നത്. ഈ സ്റ്റോറിന്‍റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ എൻഐഎ ചോദ്യം ചെയ്തു. സ്റ്റോറിൽ നിന്നും മതഗ്രന്ഥങ്ങൾ പുറത്തേക്ക് കൊണ്ടുപോയത് സംബന്ധിച്ചുള്ള രേഖകളും എൻഐഎ ശേഖരിച്ചു. മന്ത്രി കെ ടി ജലീൽ നൽകിയ മൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടിയാണ് പരിശോധന നടത്തിയത്. 

സി ആപ്റ്റിൽ ആദ്യം പരിശോധന നടത്തി മടങ്ങിയ എൻഐഎ പിന്നീട് വീണ്ടും ഓഫീസിലെത്തി പരിശോധിച്ചു. ബംഗലുരു സ്ഫോടനക്കേസ് പ്രതിയെ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എൻഐഎ പിടികൂടിയിരുന്നു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോകാനായി ട്രാൻസിറ്റ് വാറണ്ടുമായി എത്തിയ സംഘമാണ് സി ആപ്റ്റ് ഓഫീസിലെത്തിയത്.