Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫ്രണ്ട് കേസ്: മലപ്പുറത്ത് മൂന്നിടത്ത് എൻഐഎ റെയ്ഡ്; ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

പോപ്പുലർ ഫ്രണ്ടിന്‍റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന മുഹമ്മദ്‌ അസ്ലമിന്‍റെ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്

NIA raid three places in Malappuram Popular front case
Author
First Published Nov 7, 2022, 9:09 PM IST

മലപ്പുറം: മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ടിന്‍റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന മുഹമ്മദ്‌ അസ്ലമിന്‍റെ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തെന്ന് എൻ ഐ എ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടിട്ടില്ല.

അതേസമയം പോപ്പലർ ഫ്രണ്ട്  സെപ്റ്റംബര്‍ 23 ന് നടത്തിയ വിവാദ ഹർത്താലില്‍ മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. 86 ലക്ഷം രൂപയുടെ പൊതുമുതലാണ് ഹർത്താലിൽ നശിപ്പിക്കപ്പെട്ടതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം16 ലക്ഷത്തോളം  രൂപയുടേതാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടും കൂടി ചേർക്കുമ്പോൾ മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പൊതുമുതലിനുണ്ടായ നഷ്ടം ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് ഈടാക്കുനാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു. നഷ്ടം ഈടാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻ ജില്ലാ ജഡ്ജി പി ഡി ശാരങ്കധരനെ ക്ലെയിംസ് കമ്മീഷണറായി ചുമതലപ്പെടുത്തിയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഹ‍ർത്താലിന് മുന്നേ തന്നെ കരുതൽ നടപടികൾ സ്വീകരിച്ചിരുന്നെന്നും കോടതിയെ അറിയിച്ചു. ഹർത്താലിനോടനുബന്ധിച്ച് 724 പേരെ കരുതൽ തടങ്കലിൽ ആക്കിയിരുന്നതായി സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഹർത്താലിൽ അക്രമമുണ്ടാക്കിയ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭൂരിഭാഗം പേരെയും അറസ്റ്റു ചെയ്തെന്നും ബാക്കി അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും കോടതിയിൽ സർക്കാ‍ർ വിശദീകരിച്ചു. കേരളാ പൊലീസുമായി കൂടി സഹകരിച്ചാണ് എൻ ഐ എ ഇവിടുത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റുചെയ്തതെന്നും സർക്കാർ അറിയിച്ചു. ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേഥയാ എടുത്ത കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

'മാധ്യമ അയിത്തം ജനാധിപത്യവിരുദ്ധം'; ഗവർണർക്കെതിരെ കടുപ്പിച്ച് ഡിവൈഎഫ്ഐ, കറുത്ത തുണികൊണ്ട് വായ മൂടി പ്രതിഷേധം

Follow Us:
Download App:
  • android
  • ios