Asianet News MalayalamAsianet News Malayalam

'കേരള പൊലീസിലുള്ളവര്‍ക്ക് പിഎഫ്ഐ ബന്ധമെന്ന് റിപ്പോര്‍ട്ടില്ല': എന്‍ഐഎ

പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

nia says there is no report that those who have in kerala police have connections with pfi
Author
First Published Oct 6, 2022, 5:40 PM IST

ദില്ലി:  കേരള പൊലീസിലുള്ളവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട്  കൈമാറിയെന്ന റിപ്പോർട്ടുകൾ എന്‍ ഐ എ തള്ളി. കേരള പൊലീസിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം വ്യക്തമാക്കിയെന്നും എന്‍ ഐ എ വൃത്തങ്ങൾ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 45 പേരെ മാത്രമാണ് ഏജൻസി ഇതുവരെ അറസ്റ്റ് ചെയ്‍തത്. പിടിച്ചെടുത്തത് അഞ്ച് ലക്ഷത്തില്‍ താഴെ രൂപമാത്രം. സാമ്പത്തിക ഇടപാടില്‍ അന്വേഷണം തുടരുകയാണെന്നും എൻ ഐ എ വ്യത്തങ്ങൾ വ്യക്തമാക്കി. ദില്ലിയിൽ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ 19 പേരില്‍ 16 പേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് പേർ ഒക്ടോബർ 10 വരെ എന്‍ ഐ എ കസ്റ്റഡിയില്‍ തുടരും. 

അതസമയം പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്‍കുന്നത് പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയമിച്ചു. പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർ നടപടി പ്രഖ്യാപിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുത ഉള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. 

പോപ്പുലർ ഫ്രണ്ടിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ  അവസരമുണ്ടാകും. യു എ പി എ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ചാണ് കേന്ദ്രം പി എഫ് ഐ നിരോധനം പ്രഖ്യാപിച്ചത്. ട്രൈബ്യൂണൽ ഇക്കാര്യം സ്ഥിരീകരിക്കണം എന്ന് നാലാം വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം, കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കൊലപാതകങ്ങളിലെ പങ്ക്, വിദേശത്ത് നിന്നുള്ള ഹവാല പണം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. 

Follow Us:
Download App:
  • android
  • ios