കൊച്ചി: മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെ, മൊഴി പരിശോധിക്കാൻ കൊച്ചിയിലെത്തി എൻഐഎ സംഘം. കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഓഫീസിലെത്തിയ എൻഐഎ സംഘം ജലീലിനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ മറുപടിയും വിശദമായി പരിശോധിച്ചു. സ്വർണക്കടത്ത് കേസിലെ രാജ്യവിരുദ്ധപ്രവ‍ർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് എൻഐഎ ജലീലിന്‍റെ മൊഴിയും പരിശോധിച്ചത്.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയുടെ മൊഴിയെടുത്തത് രണ്ടു ദിവസമായിട്ടാണെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ജലീലിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ദില്ലിയിൽ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയിൽ തീരുമാനമെടുക്കും.

വ്യാഴാഴ്ച രാത്രി 7.30-നാണ് ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസിൽ തുടർന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് വിവരം. യുഎഇയിൽ നിന്ന് ഖുർആൻ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ വ്യാഴാഴ്ച ജലീൽ എൻഫോഴ്സ്മെന്റിന് വിശദീകരണ കുറിപ്പ് എഴുതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്യൽ തുടർന്നതെന്നും കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെ, ചെന്നൈയിൽ നിന്ന് എൻഫോഴ്സ്മെന്‍റ് സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ കൊച്ചിയിലെത്തിയിട്ടുണ്ട്. എന്നാലിത് രണ്ട് മാസം കൂടുമ്പോഴുള്ള പതിവ് സന്ദർശനമാണെന്നും സ്വർണക്കടത്ത് അടക്കമുള്ള കേസുകൾ വിലയിരുത്തിയെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അഭിഭാഷകരുമായിട്ടടക്കം അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.