പരാതി കിട്ടാത്തതിനാൽ പൊലീസ് ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല.

മലപ്പുറം: നിലമ്പൂരിലെ വാഹന പരിശോധന വിവാദത്തിൽ പരാതി നൽകാൻ തയ്യാറാകാതെ യുഡിഎഫ് നേതാക്കളും തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും. പരാതി കിട്ടാത്തതിനാൽ പൊലീസ് ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അപമാനിച്ചെന്ന് ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും വാക്കാൽ പരാതിപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്ത് സംസാരിക്കുന്നതിൻ്റെയും ഭീഷണിപെടുത്തുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരാതിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

നിലമ്പൂർ വടപുറത്ത് വെള്ളിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് ഷാഫി പറമ്പിൽ എംപി ഓടിച്ച കാർ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചത്. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു. പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അപമാനിച്ചു എന്നാണ് ഷാഫിയും രാഹുലും പറയുന്നത്. പെട്ടിയെടുത്ത് പുറത്ത് വയ്പ്പിച്ച ശേഷം അത് തുറന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായില്ല. തങ്ങളുടെ നിർബന്ധ പ്രകാരമാണ് പെട്ടി തുറന്നത്. സർവീസിനുള്ള പാരിതോഷികം എന്ന് ഉദേശിച്ചത് ജനങ്ങൾ പാരിതോഷികം നൽകും എന്നാണെന്നും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് പറഞ്ഞു.

നടന്നത് ഏകപക്ഷീയമായ പരിശോധനയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തും വിമര്‍ശിച്ചു. ഇടതുപക്ഷ നേതാക്കളെ ഇങ്ങനെ പരിശോധിക്കുന്നില്ലല്ലോ എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്‍റെ ചോദ്യം. നിലമ്പൂരിലും പെട്ടി വിവാദത്തിന്‍റെ തനിയാവര്‍ത്തനമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.