ആകെ 2,32,381 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നുണ്ട്

നിലമ്പൂർ:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രാവിലെ മുതൽ വോട്ടെടുപ്പിന്റെ സമഗ്ര കവറേജ് ഏഷ്യാനെറ്റ് ന്യൂസിൽ കാണാനാവും.പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം മൂലമുള്ള വോട്ടു ചോർച്ച തടയാൻ അവസാന വട്ട തന്ത്രങ്ങളിൽ സജീവമാണ് മുന്നണികൾ. അടിയൊഴുക്ക് തടയാൻ പ്രാദേശിക നേതൃത്വത്തെ മുൻനിർത്തിയാണ് യു ഡി എഫ് പ്രതിരോധം തീർക്കുന്നത്. സ്വാധീനം കുറഞ്ഞ മേഖലകളിൽ പോലും വോട്ടർമാരെ ബൂത്തിലെത്തിക്കാൻ സ്‌ക്വാഡുകൾക്ക് എൽ ഡി എഫ് രൂപം കൊടുത്തിട്ടുണ്ട്.

നിശബ്ദ പ്രചാരണ ദിനത്തിൽ പരമാവധി വോട്ടർമാരെ നേരിൽകണ്ടു വോട്ട് അഭ്യർത്ഥിക്കാൻ ആയിരുന്നു സ്ഥാനാർത്ഥികളുടെ ശ്രമമെങ്കിൽ അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന തിരക്കിലായിരുന്നു നേതാക്കൾ. ജോലിക്കായി പുറത്തു പോയവരെ ഉൾപ്പെടെ മണ്ഡലത്തിൽ തിരിച്ചെത്തിക്കാനുള്ള ചുമതല പോലും നേതാക്കൾക്ക് വീതിച്ചു നൽകിയിട്ടുണ്ട്.വി വി പ്രകാശിനെ കഴിഞ്ഞ തവണ ഷൌക്കത്ത് കാലു വാരിയതാണെന്ന ആരോപണം അവസാന ദിവസങ്ങളിലും എൽ ഡി എഫ് ഉയർത്തുമ്പോൾ കരുതലോടെയാണ് യു ഡി എഫ് ക്യാമ്പ് നീങ്ങുന്നത്. പ്രകാശിന്റെ നാടായ എടക്കരയിലുൾപ്പെടെ പ്രത്യേക ശ്രദ്ധ പുലർത്തിയാണ് മുന്നോട്ട് പോകുന്നത്. ഓരോ ബൂത്തിന്റെയും ചുമതലക്കാരായ നേതാക്കളെ നിരീക്ഷിക്കാനും നേതൃത്വം പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അൻവറിന്റെ സ്ഥാനാർഥിത്വം പ്രശ്നമുണ്ടക്കില്ലെന്നും മികച്ച ഭൂരിപക്ഷം നേടുമെന്നും ആവർത്തിക്കുകയാണ് യു ഡി എഫ് ക്യാമ്പ്.

എം സ്വരാജിന്റെ സ്ഥാനാർഥിത്വം സൃഷ്‌ടിച്ച ആവേശം സ്വാധീനം കുറഞ്ഞ മേഖലകളിൽ പോലും പ്രവർത്തനം ശക്തമാക്കിയെന്ന വിലയിരുത്തലാണ് ഇടതു മുന്നണിക്ക്.പ്രതികൂല കാലാവസ്ഥ ഉൾപ്പെടെ കണക്കിലെടുത്തു വോട്ടർമാരെ ബൂത്തിലേത്തി ക്കാൻ പ്രത്യേക സ്‌ക്വാഡിനും എൽ ഡി എഫ് രൂപം നൽകിയിട്ടുണ്ട്. താരതമ്യേ ന സ്വാധീനം കുറഞ്ഞ വഴിക്കടവ് പോലെയുള്ള മേഖലകളിൽ സ്‌ക്വാഡിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തും.അൻവറിന്റെ സ്വാധീന മേഖലകളിൽ വോട്ടു ചോരാതിരിക്കാൻ ആഞ്ഞു ശ്രമിക്കുന്നുണ്ട് ഇടതു മുന്നണി.അവസാന നിമിഷവും സൈബർ ഇടങ്ങളിൽ പോര് കടുപ്പിച്ചിട്ടുമുണ്ട്.

എൽ ഡി എഫ്, യു ഡി എഫ് നേതൃത്വം വോട്ടുറപ്പിക്കാൻ പരക്കം പായുമ്പോൾ വീട്ടിലിരുന്നു പ്രമുഖ വ്യക്തികളെ ഫോണിൽ ബന്ധപ്പെട്ടാണ് പി വി അൻവറിന്റെ ഓപ്പറേഷൻ. ഇരു ക്യാമ്പുകളിൽ നിന്നും പരമാവധി വോട്ട് ചോർത്തി, അഭിമാന പോരാട്ടം തന്നെയാണ് പി വി അൻവർ ലക്ഷ്യമിടുന്നത്.പരമ്പരാഗത ശക്തി കേന്ദ്രങ്ങൾക്ക് പുറമെ ക്രൈസ്തവ മേഖലകളിൽ നിന്നും വോട്ടെത്തുമെന്ന പ്രതീക്ഷയിലാണ് എൻ ഡി എ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം