സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് സിപിഎമ്മിൻ്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കുന്നത്. 

രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്. പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

എം സ്വരാജ് നിലമ്പൂരിലെ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. നിലമ്പൂരില്‍ എം സ്വരാജിന്റെ വരവോടെ എല്‍ഡിഎഫ് വിജയം കൂടുതല്‍ സുനിശ്ചിതമായി. ആശയപരമായും രാഷ്ട്രീയമായും പ്രതിസന്ധി നേരിടുന്ന യുഡിഎഫ് -ബിജെപി ശക്തികളെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ സമരത്തില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് സ്വരാജ് എന്നും ബിനോയ് വിശ്വം പറഞ്ഞു. 

സ്വരാജ് നല്ല സ്ഥാനാർത്ഥിയാണെന്നും മിടുക്കനായ ചെറുപ്പക്കാരൻ ആണെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ഒരുമിച്ച് സഭയിൽ അദ്ദേഹത്തിൻ്റെ പ്രകടനം നേരിട്ടുകണ്ടിരുന്നു. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ മിടുക്കനാണ്. നിലമ്പൂരിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. 

അരിച്ചാക്ക് മുകളിലേക്ക് കയറ്റുന്നതിനിടെ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണു, മലപ്പുറത്ത് ജീവനക്കാരന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം