മലപ്പുറം: മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം. സ്റ്റേഷനിൽ എത്തിയ ഗുണ്ടാ സംഘം പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സിസിടിവി  ഉപകരണങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ നിലമ്പൂര്‍ സിഐ അറസ്റ്റു ചെയ്തു. ചന്തക്കുന്ന് പാലോട്ടില്‍ ഫാസില്‍ എന്ന ഇറച്ചി ഫാസില്‍, കരുളായി കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് ,ചന്തക്കുന്ന് തെക്കേതൊടിക ഷീബിര്‍ റുഷ്ദ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതായി പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അറസ്റ്റിലായ പ്രതി ആഷിഖിനെതിരെ പൂക്കോട്ടുംപാടം സ്റ്റേഷനിൽ ബലാൽസംഗ കേസും, നിലമ്പൂർ - പൂക്കോട്ടുംപാടം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ട്. രണ്ട് വധശ്രമകേസുകൾ ഉൾപ്പടെ ആറ് കേസുകളില്‍ പ്രതിയാണ്  ഫാസില്‍. ഗുണ്ടാ ഗ്യാങ്ങുകൾ തമ്മിൽ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സംഘം സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. 

"