കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞെന്ന് സാമുവൽ ജെറോം പ്രതികരിച്ചു.

ദുബായ്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമുവൽ ജെറോമിനെതിരെ ഉയർത്തിയ ആരോപണങ്ങൾ പിൻവലിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. നേരത്തെ, സാമുവൽ ജെറോമിനെതിരെ സഹോദരൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റാണ് സഹോദരൻ പിൻവലിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞെന്ന് സാമുവൽ ജെറോം പ്രതികരിച്ചു. ഇതുവരെ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും സത്യം ജയിക്കുമെന്നും സാമുവൽ ജെറോം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സാമുവല്‍ ജെറോമിനെതിരെ തലാലിന്‍റെ സഹോദരന്‍ ഫേസ്ബുക്കിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. സാമുവല്‍ ജെറോം മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നെന്നും നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ ഇദ്ദേഹം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സാമുവല്‍ ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷക്ക് പ്രസിഡന്‍റ് അംഗീകാരം നല്‍കിയതിന് പിന്നാലെ താന്‍ അദ്ദേഹത്തെ സനായില്‍ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ സാമുവല്‍ ജെറോം ഒരായിരം അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ലെന്നാണ് സാമുവൽ ജെറോം പറയുന്നത്. മീറ്റിംഗുകൾക്ക് തെളിവുകൾ ഉണ്ടെന്നും ഇപ്പോൾ പ്രതികരിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നില്ലെന്നും സാമുവല്‍ ജെറോം കൂട്ടിച്ചേര്‍ത്തു. ചർച്ചകൾ നടക്കുകയാണെന്നും അഭിഭാഷകനെന്ന് താൻ അവകാശപ്പെട്ടിട്ടില്ലെന്നുമാണ് സാമുവല്‍ ജെറോം പറയുന്നത്. തുടക്കം മുതൽ ഞാൻ മാധ്യമങ്ങളിൽ സത്യം മാത്രമേ പറയുന്നുള്ളൂ. സത്യം ഒരിക്കലും മറച്ചുവെച്ചിട്ടില്ലെന്നും സാമുവൽ ജെറോം പറഞ്ഞു.

YouTube video player