കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടുദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് ഒന്‍പത് കൊവിഡ് മരണങ്ങള്‍. എലത്തൂർ സ്വദേശി ബാലകൃഷണൻ (82) മണിയൂർ സ്വദേശി അശോകൻ (58) നാദാപുരം സ്വദേശി രാഘവൻ (68), അത്തോളി സ്വദേശി ശ്രീജ (49) നരിക്കുനി സ്വദേശി അബ്ദുൾ ഖഫൂർ 49, കൊടിയത്തൂർ സ്വദേശി സൈനബ (68, മലപ്പുറം സ്വദേശി രാഘവൻ നായർ (72) മലപ്പുറം സ്വദേശി കുഞ്ഞുമോൻ ഹാജി (70), മലപ്പുറം സ്വദേശി ഐശക്കുട്ടി (85) എന്നിവരാണ് മരിച്ചത്. 22 കൊവിഡ് മരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന്  ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ  813 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കേരളത്തില്‍ ഇന്ന് 7834 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.