തൃശൂർ: തൃശൂരിൽ മുന്‍ കൗൺസിലർ ഉള്‍പ്പടെ ഒൻപത് പേരെ ബിജെപിയിൽ നിന്ന് പുറത്താക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോർപ്പറേഷൻ മുൻ കൗൺസിലർ ലളിതാംബിക തുടങ്ങി ഒൻപത് പേരെയാണ് പുറത്താക്കിയത്. ആറ് വർഷത്തേയ്ക്കാണ് അച്ചടക്ക നടപടി. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ തോറ്റ വാർഡിലെ സിറ്റിങ്ങ് കൗൺസിലറായിരുന്നു ലളിതാംബിക.

കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ച് കേശവദാസ് നേരത്തെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കേശവദാസിൻ്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടൻകുളങ്ങരയിൽ മത്സരിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയിൽ നിന്ന് രാജി വെച്ചിരുന്നു. ജയിച്ച യുഡി ഫ് സ്ഥാനാർത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോയാണ് ​ഗോപാലകൃഷ്ണൻ പ്രചരിപ്പിച്ചത്. തന്റെ കുടുംബം കാരണമാണ് തോറ്റതെന്ന് പ്രചരിപ്പിക്കാൻ ഫോട്ടോ ദുരുപയോ​ഗം ചെയ്യുകയാണെന്നാണ് കേശവദാസ് നൽകിയ പരാതിയിൽ പറയുന്നത്.