ദില്ലി: നിപ ബാധയെ തുടര്‍ന്നുളള ആശങ്കകള്‍ ഒഴി‌ഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാല് പേരെ വാര്‍ഡില്‍ നിന്ന് മാറ്റി. നിപ ബാധിച്ച് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗി അമ്മയോട് സംസാരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി ദില്ലിയില്‍ പറഞ്ഞു. 

വിദ്യാർത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്‍റെ സാന്നിധ്യം ഇല്ലാതായതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ  നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. നിപ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്തം അടക്കമുള്ളവ പരിശോധിക്കാൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം കളമശ്ശേരി മെഡിക്കൽ കോളജിൽ ക്യാന്പ് ചെയ്യുന്നുണ്ട്. ഇവർ നടത്തിയ പരിശോധനയിലാണ് രോഗിയിൽ നിപ വൈറസിന്‍റെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയത്. 

പരിശോധിച്ച നാലു സ്രവങ്ങളിൽ മൂത്രത്തിൽ മാത്രമാണ് വൈറസ് സാന്നിധ്യം ഉള്ളത്. വൈറസ് പൂർണമായും ഇല്ലാതായതായി സ്ഥിരീകരിക്കാൻ സാമ്പിളുകൾ പൂനെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന നാലു പേരെ ഡിസ്ചാർജ് ചെയ്തു.

സ്വകാര്യ ആശുപത്രികൾ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച നാല് ടീമുകൾ 63 ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ആശങ്കയുടെ സാഹചര്യം അകന്നെങ്കിലും രോഗപ്രതിരോധത്തിനും ചികിത്സക്കും ശ്രദ്ധ നൽകി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവുകയാണ് ആരോഗ്യവകുപ്പ്. വിദ്യാർത്ഥികൾക്കിടയിൽ ബോധനത്ക്കരണത്തിനായി പ്രത്യേക വീഡിയോ ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നുണ്ട്.