Asianet News MalayalamAsianet News Malayalam

നിപ ബാധിതനായ യുവാവിന്‍റെ നിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ വഷളാകാതെ പോവുകയാണെങ്കിൽ ഇന്ന് വൈകിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കാണാൻ ദില്ലിക്ക് തിരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.സംസ്ഥാന വ്യാപകമായി സ്കൂളുകൾക്ക് അവധി നൽകേണ്ട സാഹചര്യമില്ല. എന്നാൽ ഏതെങ്കിലും മേഖലകളിൽ സ്കൂളുകൾക്ക് അവധി കൊടുക്കണോ എന്ന് ഇന്ന് വൈകിട്ടോടെ തീരുമാനിക്കും.

Nipah patient is improving, says Health minister KK Shylaja
Author
Kochi, First Published Jun 5, 2019, 11:14 AM IST

കൊച്ചി: നിപ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ഘട്ടത്തിൽ വലിയ ആശങ്കയ്ക്ക് വഴിയില്ല. രോഗിയെ ഡിസ്‍ചാർജ് ചെയ്യാനായിട്ടില്ല. എങ്കിലും നില മോശമാകാതെ തുടരുന്നുണ്ട്. ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കരുതുന്ന അഞ്ചുപേരുടെ രക്തപരിശോധനാഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് നാളെ വൈകുന്നേരമോ മറ്റന്നാളോ എത്തുമെന്നാണ് കരുതുന്നത്. ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

ഫലം വരുന്നതുവരെ നിപ ആണെന്ന് കരുത്തന്നെ ചികിത്സയിലുള്ളവർക്ക് പരിചരണം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇവർക്ക് റിബാവറിൻ ഗുളികകൾ കൊടുക്കുന്നുണ്ട്. ചികിത്സയിലുള്ള എല്ലാവരും ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. നിപ ബാധിതനായ വിദ്യാർത്ഥിയുമായി ഇടപെട്ടിട്ടില്ലാത്ത ചാലക്കുടി സ്വദേശി നിപ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നിപ ബാധയ്ക്കുള്ള സാധ്യത കുറവാണെങ്കിലും നേരിയ സംശയം പോലുമുള്ള കേസുകൾ പോലും ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഐസൊലേഷൻ വാ‍ർഡിൽ അഡ്മിറ്റ് ചെയ്തത്.

311 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. എന്നാൽ ഇത്രയും പേർ രോഗബാധിതനായ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിലയിരുത്തലുകൾക്ക് ശേഷം ഡയറക്ട് കോണ്ടാക്ട് ഉണ്ടായവർ എത്രപേരെന്ന് ഇന്ന് വൈകുന്നേരം ആകുമ്പോഴേക്കും തീർച്ചപ്പെടുത്തും.  ഇതൊക്കെയാണെങ്കിലും വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഇൻക്യുബേഷൻ പീരീഡ് അവസാനിക്കുന്ന സമയത്ത് ഒരുപക്ഷേ പെട്ടെന്ന് കേസുകൾ ഒരുമിച്ച് വന്നേക്കാം. അതും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണ്.

ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ വഷളാകാതെ പോവുകയാണെങ്കിൽ ഇന്ന് വൈകിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കാണാൻ ദില്ലിക്ക് തിരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടെങ്കിൽ യാത്ര റദ്ദാക്കി കൊച്ചിയിൽ തുടരും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അവലോകന യോഗം നടക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്ക് അവധി നൽകേണ്ട സാഹചര്യമില്ല. എന്നാൽ ഏതെങ്കിലും മേഖലകളിൽ സ്കൂളുകൾക്ക് അവധി കൊടുക്കണോ എന്ന് ഇന്ന് വൈകിട്ടോടെ തീരുമാനിക്കും. വൈകിട്ട് ഏഴരയുടെ പ്രസ് ബ്രീഫിംഗിൽ കൂടുതൽ വിവരങ്ങൾ പറയാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios