കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണയെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. കൺട്രോൾ റൂം സന്ദർശിച്ച അദ്ദേഹം, ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് പൂർണ പിന്തുണയെന്ന് ബേപ്പൂർ പി.എ. മുഹമ്മദ് റിയാസ്. ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും സർക്കാർ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവണമെന്നും പ്രതിരോധപ്രവർത്തനത്തിന് എംഎൽഎ എന്ന നിലയിൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. റിയാസിന്റെ മണ്ഡലത്തിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലാണ് നിപ സ്ഥിരീകരിച്ചത്. നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന നിപ്പ കൺട്രോൾ റൂം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കോഴിക്കോട് ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ (DMO) എന്നിവരുമായി നിലവിലെ സാഹചര്യം, പ്രതിരോധ നടപടികൾ, തുടർ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും എംഎൽഎ ചർച്ച നടത്തി. ആരോഗ്യ വകുപ്പ് നിർദേശങ്ങൾ കർശനമായി പാലിച്ചും പൊതുജനങ്ങളുടെ സഹകരണത്തോടെയും നിപ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാരുകളുടെ ഭരണഘട്ടത്തിലും നിപ പോലുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് മന്ത്രിമാരുടെയും ജില്ലയിലെ ചുമതലയുള്ള മന്ത്രിമാരുടെയും നേതൃത്വത്തിൽ ക്യാമ്പ് ചെയ്ത് സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ കൂട്ടായ ഇടപെടലുകൾ പ്രതിസന്ധികളെ ഫലപ്രദമായി അതിജീവിക്കാൻ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
