Asianet News MalayalamAsianet News Malayalam

'നിപ' ബാധയെന്ന് സംശയം: പൂനെയിൽ നിന്ന് ഫലം വന്നാല്‍ സ്ഥിരീകരണം, കൺട്രോൾ റൂമും ഐസൊലേഷൻ വാർഡുകളും തുറന്നു

കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. എന്ത് വന്നാലും ആത്മവിശ്വാസത്തോടെ നേരിടുമെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. 

nipah suspected case health minister kk shailaja says state government is prepared
Author
Kochi, First Published Jun 3, 2019, 6:05 PM IST

കൊച്ചി: എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റിപ്പോര്‍ട്ട് ഫലം രാവിലെയോടെ എത്തും. എല്ലാ തരത്തിലുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും, രോഗി സഞ്ചരിച്ച തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ കൃത്യമായി പ്രതിരോധത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീ മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. എറണാകുളത്ത് കൺട്രോൾ റൂമുകൾ തുറന്നു. കോഴിക്കോട്ട് നിപ ബാധയുണ്ടായപ്പോൾ പ്രതിരോധിക്കാൻ നേതൃത്വം നൽകിയ ഡോക്ടർമാരുടെ സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകും വിധമാണ് ഐസൊലേഷൻ വാർഡിലെ ക്രമീകരണങ്ങൾ. രോഗമുണ്ടെന്ന സംശയത്തോടെ ആരെത്തിയാലും വിദഗ്‍ധ സംഘത്തിന്‍റെ പരിചരണം ഉറപ്പാക്കാനും നടപടി എടുത്തതായി മന്ത്രി അറിയിച്ചു.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്‍റെയും ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെയും നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 

കൺട്രോൾ റൂമുകൾ തുറന്നു

പൊതുജനങ്ങൾക്ക് സംശയനിവാരണത്തിന് വേണ്ടി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 1077, 1056 എന്നീ നമ്പറുകളിൽ ജനങ്ങൾക്ക് 24 മണിക്കൂറും കൺട്രോൾ റൂമുകളിൽ വിളിച്ച് സംശയങ്ങൾ പങ്കുവയ്ക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

കളക്ടറുടെ ഓഫീസിലാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇത് പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. കൺട്രോൾ റൂം കേന്ദ്രീകരിച്ചാകും എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുക.

ഭയമല്ല, വേണ്ടത് ജാഗ്രത

നമുക്കീ ആശങ്കയെ കൂട്ടായി നേരിടാമെന്ന് ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. പക്ഷേ, ജാഗ്രത വേണം. മുൻപ് കോഴിക്കോട്ട് നിപ ബാധ ഉണ്ടായ അനുഭവം കൂടി വച്ച് ഇത്തവണ രോഗബാധ സ്ഥിരീകരിച്ചാൽ നമുക്ക് ഫലപ്രദമായി നേരിടാനാകും. പനി ലക്ഷണങ്ങൾ ഉള്ളവരെല്ലാം എത്രയും പെട്ടെന്ന് ചികിത്സ തേടണം. 'നിപ' രോഗലക്ഷണങ്ങൾ ഉള്ളവരെ അപ്പോൾ തന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. അതിനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാണ്.

ഒരു പക്ഷേ പോസിറ്റീവ് ആയി വരുന്ന കേസുകളിൽ ആളുകൾക്ക് സുരക്ഷിതമായി ധരിക്കാനുള്ള വസ്ത്രങ്ങൾ സജ്ജമാണ്. അതിന്‍റെ കുറവുകൊണ്ട് പ്രശ്നങ്ങളുണ്ടാകില്ല. ആവശ്യമായ സ്റ്റാഫിനെ എത്തിക്കാനുള്ള ക്രമീകകരണങ്ങൾ നടക്കുന്നു. ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി.

നിപ സംശയിക്കുന്ന വിദ്യാർത്ഥിയുമായി ഇടപെട്ട 86 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ നില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. അഭ്യൂഹങ്ങൾ പരത്തരുത്. ഈ ഘട്ടം അതിജീവിക്കാനുള്ള എല്ലാ സംവിധനങ്ങളും നമ്മൾ സജീവമാക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

Read More: 'നിപ' ജാഗ്രത: കരുതൽ നടപടികൾ സ്വീകരിച്ചെന്ന് തൃശൂര്‍ ഡിഎംഒ, പനിയുടെ ഉറവിടം തൃശൂരല്ല

ആരോഗ്യമന്ത്രിയുടെ വാർത്താ സമ്മേളനം പൂർണരൂപം:

യുവാവിന്‍റെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ

അതേസമയം, ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയപ്പോള്‍ തന്നെ തന്‍റെ മകനെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മാറ്റിയിരുന്നുവെന്ന് നിപാ ബാധ സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവാവിന്‍റെ അമ്മയും അമ്മയുടെ അനുജത്തിയുമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. യുവാവിന് ഒപ്പം ഇരുവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒപ്പം താമസിച്ച മറ്റ് നാല് പേരുടെ ആരോഗ്യ സ്ഥിതിയും നിരീക്ഷിക്കുന്നുണ്ട്. 

Read More: നിപ ബാധയുണ്ടെന്ന് സംശയിക്കുന്ന യുവാവിന്‍റെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍

അതേസമയം, കളക്ടറേറ്റുമായി ബന്ധപ്പെട്ട് മീഡിയ സെല്ലുകളും തുറന്നിട്ടുണ്ട്. സ്ഥിരീകരിച്ച വിവരങ്ങൾ നൽകാൻ ആരോഗ്യവകുപ്പിന്‍റെ പേജുകളുണ്ട്. സർക്കാർ വിവരങ്ങൾ നൽകുന്ന സോഴ്‍സുകളുണ്ട്. ഇതിലൂടെ വരുന്ന സ്ഥിരീകരിച്ച വിവരങ്ങളേ പ്രചരിപ്പിക്കാവൂ എന്ന് ആരോഗ്യമന്ത്രി കർശനനിർദേശം നൽകി. അല്ലാത്ത എല്ലാ പ്രചാരണങ്ങൾക്കുമെതിരെ കർശന നടപടിയുണ്ടാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബർ സെല്ലിന് കർശന നിർദേശം നൽകിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾ കണ്ടാൽ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് നിപ ബാധയുണ്ടായ സമയത്ത് വ്യാജപ്രചാരണം നടത്തിയതിന് പത്ത് പേർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തിരുന്നു.

Read More: നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ അരുത്, സ്ഥിരീകരിച്ച വിവരങ്ങൾക്ക് ശ്രദ്ധിക്കേണ്ട പേജുകൾ ഇതാ..

നിപ ബാധ വന്നാൽ: ശ്രദ്ധിക്കണ്ടതെന്തൊക്കെ? കോഴിക്കോട്ടേത് 'നിപ' ആണെന്ന് കണ്ടെത്തിയ ഡോക്ടർ അനൂപ് കുമാർ പറയുന്നു:

nipah suspected case health minister kk shailaja says state government is prepared

: എറണാകുളത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം

Follow Us:
Download App:
  • android
  • ios