പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങൾ ഉള്ളവരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ ജി എസ് സമീരൻ അറിയിച്ചു.
ചെന്നൈ: കേരളത്തിൽ കൊവിഡിനൊപ്പം നിപ കൂടി റിപ്പോർട്ട് ചെയ്തതോടെ വാളയാർ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം ശക്തമാക്കി തമിഴ്നാട്. പരിശോധനയ്ക്ക് അതിർത്തിയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങൾ ഉള്ളവരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ ജി എസ് സമീരൻ അറിയിച്ചു. അതിർത്തി കടക്കുന്ന വാഹനങ്ങളിൽ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും കോയമ്പത്തൂർ ജില്ലാ കളക്ടർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ കൂടുതൽപേരെ ചേർത്തു. 188 ആയിരുന്ന സമ്പർക്ക പട്ടിക ഇപ്പോൾ 251 പേരായി. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 32പേരെയാണ്. ഇതിൽ എട്ടുപേർക്ക് രോഗ ലക്ഷണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ എട്ടുപേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്.
Also Read: നിപ സമ്പർക്ക പട്ടികയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി; രോഗ ബാധിത മേഖലയിൽ വനം മൃഗ സംരക്ഷണവകുപ്പ് പരിശോധന
ഇതിനിടെ നിപ സ്ഥിരീകരിച്ച പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നറിയാൻ പരിശോധന തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നിപ വൈറസിന്റെ ഉറവിടം വവ്വാലുകളാണോ എന്നറിയാൻ വവ്വാലുകളുടെ സ്രവം ശേഖരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിനായി ചാത്തമംഗലം പാഴൂരിലെത്തിയിട്ടുള്ളത്.
Also Read: നിപ വൈറസ്: ചാത്തമംഗലം പഞ്ചായത്തും സമീപ വാർഡുകളും കളക്ടർ കണ്ടെയ്ൻ്റെ സോണായി പ്രഖ്യാപിച്ചു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
