നിപ ജാഗ്രത: സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ, 702 പേരെ കണ്ടെത്തി; ഉന്നതതല യോഗം ചേരാൻ മുഖ്യമന്ത്രിയും മന്ത്രിമാരും
ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്. നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബടക്കം കോഴിക്കോട് ജില്ലയിൽ സജ്ജമാക്കാൻ തീരുമാനമായിട്ടുണ്ട്. പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് നടപടി.
അതേസമയം നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഓൺലൈൻ ആയിട്ട് ചേരുന്ന യോഗത്തിൽ അഞ്ച് മന്ത്രിമാരടക്കം പങ്കെടുക്കും. ജില്ലയിലെ നിപ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം പൂർണ സജ്ജമാക്കിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
അതിനിടെ നിപ വിഷയം നിയമസഭയിലും ഇന്ന് ചർച്ചയായി. നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തുണ്ടായിട്ടും പുനെയിലേക്ക് അയച്ചതിലെ ആരോഗ്യമന്ത്രിയുടെ വിശദീകരണം മുഖ്യമന്ത്രി തള്ളുകയായിരുന്നു. പൂനയിലേക്ക് സാംപിളുകൾ അയച്ചത് സാങ്കേതിക നടപടി എന്നായിരുന്നു വീണാ ജോർജ്ജിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമായിട്ടും എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്ന ചോദ്യം പൊതുവിൽ ഉയരുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്. ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം