Asianet News MalayalamAsianet News Malayalam

നിപ: ആശ്വാസ വാർത്ത, തിരുവനന്തപുരത്ത് രോഗബാധ സംശയിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്

രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്.  

Nipah virus Medical student result negative in thiruvananthapuram nbu
Author
First Published Sep 17, 2023, 8:19 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്കയില്‍ ആശ്വാസം. രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

72 കാരിയായ കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവർക്ക് പനിയുണ്ടായി. ഇതേ തുടര്‍ന്ന് മുൻകരുതൽ എന്ന നിലയിൽ ഇവരെ ജനറൽ ആശുപത്രിയിൽ  നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെയും സാമ്പിള്‍ പരിശോധനയ്ക്കായി തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്  ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ്. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കൽ കോളേജിൽ ഐസോലേഷനിലാക്കി. ഇതിൽ ഒരാള്‍ ആരോഗ്യപ്രവർത്തകയാണ്. സമ്പർക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായ് ചികിത്സയിലുള്ള നാല് പേരുടെയും നിലയിൽ പുരോഗതിയുണ്ട്. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കുന്ന കാര്യത്തിൽ അനുഭാവ പൂർണമായ തീരുമാനുണ്ടാകുമെന്നും തത്ക്കാലം ഇവർ ബില്ല് അടയ്ക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്ര സംഘം ജില്ലയിൽ തുടരുന്നുണ്ട്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്ഡ‍ുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്‍റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. അതിനിടെ, സമൂഹമാധ്യമങ്ങളിലുടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെയും നിയന്ത്രണം ലംഘിച്ച് ബാലുശേരിയിൽ സെലക്ഷൻ ട്രയ‌ൽസ് നടത്തിയ ജില്ലാ അത്ലറ്റിക് അസോസിയേഷനെതിരെയും പൊലീസ് കേസെടുത്തു.

Follow Us:
Download App:
  • android
  • ios