നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസോലഷൻ വാർഡിൽ പ്രവേശിപ്പിച്ച ഒരാള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് പരിശോധന നടത്തിയത്. 

തിരുവനന്തപുരം: നിപ വൈറസ് ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരണം. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ആദ്യം പ്രവേശിപ്പിച്ച രോഗിക്കാണ് നിപ ഇല്ലെന്ന റിപ്പോര്‍ട്ട് വന്നത്. രണ്ടാമത്തെ രോഗിയുടെ ഫലം നാളെയേ ലഭിക്കൂ.

കൊച്ചിയില്‍ നിന്ന് പനി ബാധിച്ച് തിരുവനന്തപുരത്തെത്തിയ യുവാവ് ഉള്‍പ്പെടെ രണ്ട് പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരാളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നത്. 

നിപ്പ ഭീഷണി ഉള്ള ജില്ലകളിൽ പോയവർക്ക് പനി അടക്കം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടാനാണ് സർക്കാർ നിർദ്ദേശം. അതേസമയം നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തിൽ നിരീക്ഷണത്തിലുള്ള ഏഴ് പേര്‍ക്കും നിപാ ബാധയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കുന്ന വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. 

Read More: നിപ ഭീതിയൊഴിയുന്നു; എല്ലാ രക്തപരിശോധനാ ഫലവും വന്നു; നിരീക്ഷണത്തിലുള്ള ഏഴാമനും നിപ ഇല്ല