'കേരളത്തിൽ ലോക്ക് ഡൗണെന്ന് ജർമ്മൻ മാധ്യമം, മലയാളി നഴ്‌സുമാർ ക്വാറന്റൈനിൽ'; ഇടപെട്ടെന്ന് മന്ത്രി
'നഴ്‌സുമാര്‍ ജര്‍മ്മനിയില്‍ എത്തിയപ്പോഴേക്കും ഒരു ജര്‍മന്‍ മാധ്യമത്തില്‍ ഒരു വാര്‍ത്ത വന്നു.'

തിരുവനന്തപുരം: നിപ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന ജര്‍മ്മന്‍ മാധ്യമത്തിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മലയാളി നഴ്‌സുമാര്‍ ജര്‍മ്മനിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജര്‍മ്മനിയിലെ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കേണ്ട നഴ്‌സുമാരാണ് ഇപ്പോള്‍ ഫ്രാന്‍ക്ഫര്‍ട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനില്‍ കഴിയുന്നത്. തെറ്റായ വാര്‍ത്തകള്‍ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് സംഭവമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ശിവന്‍കുട്ടിയുടെ കുറിപ്പ്: ''ഒരു മാധ്യമവാര്‍ത്തയുടെ കഥ...തെറ്റായ വാര്‍ത്തകള്‍ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാനാണ് ഈ കുറിപ്പ്. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള വിദേശ റിക്രൂട്ടിംഗ് ഏജന്‍സിയായ ODEPC വഴി എട്ടു നഴ്‌സുമാരെ ജര്‍മ്മനിയിലേക്ക് അയച്ചിരുന്നു. തൊഴില്‍ മന്ത്രി എന്ന നിലയില്‍ ഞാനും യാത്രയയപ്പ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തു. നഴ്‌സുമാര്‍ ജര്‍മ്മനിയില്‍ എത്തിയപ്പോഴേക്കും ഒരു ജര്‍മന്‍ മാധ്യമത്തില്‍ ഒരു വാര്‍ത്ത വന്നു. നിപ മൂലം കേരളത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി എന്നായിരുന്നു വാര്‍ത്ത. ജര്‍മ്മനിയിലെ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കേണ്ട നഴ്‌സുമാര്‍ ഇപ്പോള്‍ ഫ്രാന്‍ക്ഫര്‍ട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനില്‍ കഴിയുകയാണ്. വിഷയത്തില്‍ ODEPC നേരിട്ട് ഇടപെട്ടിട്ടുണ്ട്.''
'വ്യാജ വാര്‍ത്തകള്‍, സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്'
കോഴിക്കോട്: നിപ വൈറസ് സാഹചര്യത്തില്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്ന വ്യാജ വാര്‍ത്തകള്‍, സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. ഇത്തരം പ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. ആധികാരിക സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങള്‍ മാത്രമേ മുഖവിലക്കെടുക്കാവൂയെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
നിപ പ്രതിരോധം: ബേപ്പൂര്‍ ഹാര്‍ബര്‍ പൂട്ടാന്‍ ഉത്തരവ്; മത്സ്യബന്ധനത്തിന് പോയവര്‍ ചെയ്യേണ്ടത്