തിരുവനന്തപുരം: സംസ്ഥാനത്തെ 13 നിർഭയ ഹോമുകൾ പൂട്ടുന്നു. തൃശൂർ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് സർക്കാരിന്‍റെ തീരുമാനം. പോക്സോ കേസ് ഇരകളുടെ പുനരധിവാസം ഇതോടെ പ്രതിസന്ധിയിലായി. സുരക്ഷയും മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്താണ് മാറ്റമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

സംസ്ഥാനത്ത് പോക്സോ കേസ് ഇരകളെ 14 വിമൻ ആന്‍റ് ചൈൽഡ് ഹോമുകളിലാണ് താമസിപ്പിക്കുന്നത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ നിർഭയാ നയത്തിന്‍റെ ചുവടുപിടിച്ചാണ് ജില്ലകളിൽ ഇരകൾക്കായി സുരക്ഷിത കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇനി മുതൽ 10നും 18വയസിനും ഇടയിൽ പ്രായമുള്ള  അന്തേവാസികളെ തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനിതാ ശിശു വികസന വകുപ്പിന്‍റെ തീരുമാനം. 

സ്വന്തം  ജില്ലയിലെ താമസവും മാതാപിതാക്കളുടെ സാമിപ്യവുമാണ് സർക്കാർ കേന്ദ്രത്തിൽ തങ്ങാൻ ഇരകൾക്ക് സഹായകമായത്. സർക്കാർ കേന്ദ്രത്തിലെ ഇരകളുടെ താമസം പോക്സോ പ്രതികൾക്ക് സ്വാധീനിക്കുന്നതിലും തടസമായിരുന്നു. പഠിക്കുന്ന കുട്ടികളെ ഏകീകൃത കേന്ദ്രത്തിലേക്ക് മാറ്റുന്നുവെന്നാണ് മന്ത്രി കെകെ ഷൈലജയുടെ പ്രതികരണം. 

വാടക കെട്ടിടങ്ങളിൽ ഇരകളുടെ പുനരധിവാസവും സുരക്ഷിതത്വവും പ്രശ്നമെന്നാണ് സാമൂഹ്യ നീതി വകുപ്പിന്‍റെ വിശദീകരണം.
ജില്ലാ കേന്ദ്രങ്ങളെ പോക്സോ കേസ് ഇരകളുടെ എന്ട്രി ഹോമുകളാക്കി പരിമിതപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇരകളുടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ഉടൻ തൃശൂലേക്ക് മാറ്റും. നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും ഉത്തരവിലും പദ്ധതി നിർദ്ദേശത്തിലും പറയുന്നത് മറ്റൊന്നാണ്.  എൻട്രി ഹോമുകളാക്കി പരിമിതപ്പെടുത്തി  ജീവനക്കാരെ പുനർവിന്യസിക്കാനാണ് നിർദ്ദേശം. ഇതുവഴി വർഷം 74 ലക്ഷം ലാഭിക്കാമെന്നും വനിതാ ശിശുവികസന ഡയറക്ടർ പദ്ധതി നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.