Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്തിൽ ദില്ലിയിൽ നിര്‍ണായക ചര്‍ച്ച, വിവരങ്ങള്‍ ആരാഞ്ഞ് നിര്‍മ്മല സീതാരാമൻ

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പരോക്ഷ നികുതി ബോർഡിനോട് ആരാഞ്ഞതായാണ് വിവരം. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ വേറെ ഏജൻസി വേണോയെന്നും ആലോചനയുണ്ട്. 

nirmala sitharaman seeks details of thiruvananthapuram gold smuggling case
Author
Delhi, First Published Jul 8, 2020, 11:04 AM IST

ദില്ലി: തിരുവനന്തപുരത്ത് നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ ദില്ലിയിൽ നിന്നും ഇടപെടൽ. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പരോക്ഷ നികുതി ബോർഡിനോട് ആരാഞ്ഞതായാണ് വിവരം. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ വേറെ ഏജൻസി വേണോയെന്നും ആലോചനയുണ്ട്. കേസിലെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം കത്തയച്ചിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസ്; കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി, കേന്ദ്ര അനുമതി തേടി

ഈ സാഹചര്യത്തിലാണ് ധനമന്ത്രി വിശദാംശം ആവശ്യപ്പെട്ടത്. നിലവിൽ കേസിൽ കസ്റ്റംസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായാൽ മറ്റൊരു ഏജൻസിക്ക് കേസ് കൈമാറാം. ഇതിൽ കേന്ദ്രസര്‍ക്കാരിന് തടസമുണ്ടാകില്ല. അതേസമയം കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചതും ഗുണകരമാണ്. 

അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെയാണ് ചോദ്യം ചെയ്യുക. ഇതിനായി കേന്ദ്രത്തിന്‍റെ അനുമതി തേടി കസ്റ്റംസ് കത്ത് നൽകി. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയത്. ബോർഡ് ,അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. അറ്റാഷയുടെ പേരിലാണ് സ്വർണ്ണം ഉൾപ്പെട്ട ബാഗ് എത്തിയത്. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നുമാണ് അറ്റാഷെയുടെ വിശദീകരണം. 

രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്.  പല സ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകൾ കിട്ടിയില്ല. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ രണ്ടാം ദിവസവും പരിശോധന നടത്തി. ശാന്തിഗിരി ആശ്രമത്തിൽ സ്വപ്നയുണ്ടെന്ന ചില പ്രചാരണങ്ങളെ തുടർന്ന് ആശ്രമത്തിലും പരിശോധിച്ചു. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിനുള്ള വിവരം. അതിനിടെയാണ് സ്വപ്ന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്


 

Follow Us:
Download App:
  • android
  • ios