Asianet News MalayalamAsianet News Malayalam

'ക്യാമ്പസിൽ പരസ്യ സ്നേഹപ്രകടനങ്ങൾ പാടില്ല', വിചിത്ര സ‍ര്‍ക്കുലറുമായി കോഴിക്കോട് എൻഐടി

പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും നി‍ര്‍ദ്ദേശം

NIT Kozhikode has issued circular that does not allow public displays of affection on campus jrj
Author
First Published Feb 9, 2023, 11:38 AM IST

കോഴിക്കോട് : കോഴിക്കോട് എൻഐടിയിൽ സ്നേഹപ്രകടനങ്ങൾ വിലക്കി സർക്കുലർ. ക്യാംപസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്ന് നിർദേശം. നിർദ്ദേശത്തിന് വലന്റെൻ ദിനാഘോഷവുമായി ബന്ധമില്ലെന്നും ചില പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും എൻഐടി അധികൃതർ അറിയിച്ചു. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോഴിക്കോട് എൻഐടിയിലെ സ്റ്റുഡൻസ്സ് ഡീൻ വിദ്യാർത്ഥികൾക്ക് ഇ മെയിൽ വഴി പുതിയ അച്ചടക്ക നിർദ്ദേശങ്ങളയച്ചത്. ക്യാമ്പസിനുള്ളിൽ പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ല. മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവ സ്ഥാപനത്തിന്റെ നയങ്ങൾക്കു വിരുദ്ധമാണ്. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിലുണ്ട്. ഒരു കാരണവുമില്ലാതെയാണ് ഇത്തരം നിബന്ധനകളെന്നും വിദ്യാത്ഥിസമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്നതാണ് സർക്കുലറെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. 

എന്നാൽ , പ്രദേശ വാസികളയ ചിലരുടെ പരാതിയെ തുടർന്നാണ് ഇത്തരം ഒരു നിർദേശം ഇറക്കിയത് എന്നും ഇതിന് വാലൻ്റൈൻ ദിന ആഘോഷ മായി ബന്ധമില്ലെന്നും എൻഐടി ഉദ്യോഗസ്ഥർ അറിയിച്ചു. അക്കാദമിക് മികവിന് പ്രാധാന്യം നൽകുന്ന സ്ഥാപനത്തിൽ ഇത്തരം  ചില സംഭവങ്ങളുണ്ടാവുന്നത് വിദ്യാ‍ർത്ഥികളുടെ പഠനത്തെ ബാധിക്കും.ക്യാംപസിന്‍റെ അച്ചടക്കത്തെയും സൽപ്പേരിനെയും കളങ്കപ്പെടുത്തുമെന്നും  ചൂണ്ടിക്കാട്ടിയാണ് സർക്കുലർ. നിർദ്ദേശങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ  ഡീനോ, എൻഐടി അധികൃതരോ തയ്യാറായിട്ടില്ല.

ഇതിനിടെ പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ ആഹ്വാനം സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. കൗ ഹഗ്ഗ് ഡേ ആചരിക്കണമെന്നാണ് അഭ്യർത്ഥന. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തിൽ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പറയുന്നത്.

ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്‍റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം നിമിത്തം വേദിക് സംസ്കാരം അന്യം നിന്ന് പോകുന്ന നിലയിലാണെന്നുമെല്ലാമാണ് വിശദീകരണം. 

‘‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ...’’ എന്നാണ് മന്ത്രി വി ശിവൻ കുട്ടി സംഭവത്തെ ട്രോളി ഫേസ്ബുക്ക് പോസ്റ്റുമായെത്തിയത്. ട്രോൾ ഗ്രൂപ്പുകളെല്ലാം കൗ ഹഗ് ഡേ ട്രോളുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലോകമാകെ പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14ന് തന്നെ പശു ആലിം​ഗന ദിനമായി തെരഞ്ഞെടുത്തതിനെതിരെയാണ് സോഷ്യൽമീഡിയയിൽ വിമർശനം. നേരത്തെ ചില സംഘടനകൾ വലന്റൈൻസ് ഡേ ആഘോഷത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് ചില സംഘനടകളുടെ നിലപാട്. 

Read More : കാമുകന്മാരുള്ളവര്‍ മാത്രം വാലന്റൈൻസ് ഡേയിൽ കോളേജിൽ കയറിയാൽ മതി, പ്രിൻസിപ്പലിന്റെ അറിയിപ്പ്, ഒടുവില്‍

Follow Us:
Download App:
  • android
  • ios