‘പുഴുത്ത പട്ടി, പേപ്പട്ടി എന്നൊക്കെ വിളിക്കും. നിറത്തിന്റെ പേരിൽ അധിക്ഷേപിക്കും. വായിക്കാനും എഴുതാനും അറിഞ്ഞൂടേടാ, നീ എവിടെയാ പഠിച്ചത് എന്ന് ചോദിക്കും.’

തിരുവനന്തപുരം: നിതിനെ ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് നിരന്തരം അധ്യാപകർ അധിക്ഷേപിച്ചിരുന്നുവെന്ന് സഹോദരി നികിത മാധ്യമങ്ങളോട് പറഞ്ഞു. പ്രിൻസിപ്പലിനോട് അടക്കം പരാതിപ്പെട്ടിട്ടും ഒരും നടപടിയും ഉണ്ടായില്ലെന്നും സഹോദരി പറയുന്നു. നിതിൻ അനുഭവിച്ചത് ക്രൂരമാണ് അധിക്ഷേപമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയും നിറവും പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു. പുഴുത്ത പട്ടിയെന്ന് വിളിച്ചും അധിക്ഷേപിച്ചു. പ്രിൻസിപ്പലിന് പരാതി കൊടുത്തിട്ടും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. തിരുവനന്തപുരത്തെ ഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ച നിതിന്റെ സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും.

നിതിൻ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് കുടുംബം അക്കമിട്ട് പറയുന്നു. ‘’പട്ടിയെപ്പോലെയാണ് എന്നൊക്കെ എച്ച്ഒഡി അവനോട് സംസാരിച്ചിട്ടുണ്ട്. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും അധിക്ഷേപിച്ചിട്ടുണ്ട്. ക്ലാസിലെ എല്ലാ വിദ്യാർത്ഥികളോടും അയാൾ ഇങ്ങനെയാണ്. കുട്ടികളെ ടാർ‌​ഗറ്റ് ചെയ്യും. അയാൾ കൊന്നിട്ടേ പോകൂ, പുഴുത്ത പട്ടി, പേപ്പട്ടി എന്നൊക്കെ വിളിക്കും. നിറത്തിന്റെ പേരിൽ അധിക്ഷേപിക്കും. വായിക്കാനും എഴുതാനും അറിഞ്ഞൂടേടാ, നീ എവിടെയാ പഠിച്ചത് എന്ന് ചോദിക്കും. ഓരോ വിദ്യാർത്ഥിയുടെ കൈയിൽ അവനെഴുതിയ പേപ്പർ മാറി മാറി കൊടുത്തിട്ടാണ് ഇങ്ങനെ ചോദിക്കുന്നത്. ഇത് കേട്ട് പിള്ളേര് ചിരിക്കണം. ചിരിക്കാത്ത കുട്ടികളെ ഇയാൾ അടിക്കും. ആ ക്ലാസിലെ മറ്റ് കുട്ടികളോടും ഇങ്ങനെ പെരുമാറും. തലേദിവസം വീഡിയോ കോൾ ചെയ്തപ്പോൾ അവന് കുഴപ്പമൊന്നുമില്ലായിരുന്നു. പഠിക്കുന്ന സ്ഥലത്ത് നിന്നല്ല, മെഡിക്കൽ കോളേജിൽ നിന്നാണ് താഴേയ്ക്ക് വീണത്. അവിടെ പോകേണ്ട സാഹചര്യമില്ല. കാല് തട്ടി വീണു എന്നാണ് ഞങ്ങളറിഞ്ഞത്. ഒരു ഫ്രണ്ടാണ് വിളിച്ചു പറഞ്ഞത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വിളിച്ചു പറഞ്ഞത്.'' സഹോദരി നികിത മാധ്യമങ്ങളോട് പറഞ്ഞു.