Asianet News MalayalamAsianet News Malayalam

'തർക്കം കണ്ട് അടുത്തേക്ക് ചെന്നു, നിതിനയെ അടിച്ചുവീഴ്ത്തി, കഴുത്തിൽ വെട്ടി'; സെക്യുരിറ്റി ജീവനക്കാരന്റെ മൊഴി

മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു

Nithinamol murder Eyewitness security officer of St Thomas College Pala gave statement against Abhishek
Author
St.Thomas College, First Published Oct 1, 2021, 1:48 PM IST

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ (St Thomas College Pala) നടന്ന ക്രൂരമായ കൊലപാതകം (Murder) നേരിൽ കണ്ടത് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ (Security Staff) ജോസ്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് തലയോലപ്പറമ്പ് സ്വദേശിയായ നിതിനയുടെ (Nithinamol) കഴുത്തിൽ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി. വിവരം താൻ അപ്പോൾ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചെന്നും ഇദ്ദേഹം പൊലീസിനോടും ഏഷ്യാനെറ്റ് ന്യൂസിനോടും പറഞ്ഞു.

മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.

ഇരുവരും സംസാരിച്ച് നിൽക്കുന്നതും പിന്നീട് അഭിഷേക് കത്തി ഉപയോഗിച്ച് നിതിനയുടെ കഴുത്തിൽ വെട്ടുന്നതും താൻ കണ്ടുവെന്ന നിർണായക മൊഴിയാണ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയിരിക്കുന്നത്. 'അവര് ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കം നടക്കുന്നത് കണ്ടാണ് അങ്ങോട്ടെക്ക് നടന്നത്. പെട്ടെന്നാണ് പയ്യൻ പെൺകുട്ടിയുടെ തലയ്ക്ക് പിന്നിൽ ഇടിച്ചത്. മുട്ടുകുത്തി വീണ കൊച്ചിനെ അവൻ മുടിക്ക് കുത്തിപ്പിടിച്ചു. പിന്നെ കാണുന്നത് കഴുത്തിൽ നിന്ന് ചോര ചീറ്റുന്നതാണ്. ഞാൻ ഭയന്നുപോയി. അപ്പോഴാണ് രണ്ട് ആൺപിള്ളേര് ചേട്ടാ അവനെ വിടരുത് അവനാ കൊച്ചിനെ വെട്ടിയെന്ന് പറഞ്ഞത്. പക്ഷെ അവൻ രക്ഷപ്പെടാൻ നോക്കിയില്ല. അവിടെ തന്നെ നിന്നു. ഞാൻ പ്രിൻസിപ്പലിനെ വിളിച്ചു,'- ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അതല്ല അഭിഷേകിന്റെ പ്രണയാഭ്യർത്ഥന നിതിന നിരസിച്ചതാണ് കാരണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾക്കായി കാത്തിരിക്കുകയാണ് പൊലീസ്. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. 

Follow Us:
Download App:
  • android
  • ios