തിരുവനന്തപുരം: കേരള നിയമസഭ ടിവിയുടെ സംപ്രേക്ഷണം ആഗസ്റ്റ് 17-ന് തുടങ്ങുമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർളയാവും നിയമസഭാ ടിവിയുടെ ഉദ്ഘാടനം നിർവഹിക്കുക. ഓൺലൈൻ വഴിയായിരിക്കും ഉദ്ഘാടനം. 

എല്ലാം നിയമസഭാ സമാജികരും വെർച്വൽ അസംബ്ളിയിലൂടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. വിവിധ ചാനലുകളിൽ നിന്ന് ടൈം സ്ളോട്ടുകൾ വാങ്ങി സഭ ടിവിയുടെ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കും. ഇതിനൊപ്പം ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയും ജനങ്ങളിലേക്ക് നിയമസഭയുടെ എല്ലാ പ്രവർത്തനങ്ങളും എത്തിക്കുമെന്നും സ്പീക്ക‍ർ അറിയിച്ചു. 

നിയമസഭ ഡിജിറ്റലൈസേഷൻ അന്തിമ ഘട്ടത്തിൽ എത്തിയിട്ടുണ്ട്. 20 പേരടങ്ങുന്ന എംഎൽഎമാരുടെ സംഘത്തെ ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ ലെജിസ്ളേറ്റർ ടീമാക്കും. ഇവരിൽ മികവു തെളിയിക്കുന്ന 2 പേർക്ക് ബെസ്റ്റ് ഡിജിറ്റൽ ലെജിസ്ലേേറ്റർ അവാർഡ് നൽകും. നിയമസഭ സമ്മേളനം 24 ന് ചേരുമെന്നും അദ്ദേഹം അറിയിച്ചു.