ഞെളിയന്‍പറമ്പ് വിഷയം പഠിച്ച ശേഷം നാളെ ചേരുന്ന കൗണ്‍സിലില്‍ വിശദീകരിക്കാമെന്ന് മേയര്‍
കോഴിക്കോട് : കോഴിക്കോട് ഞെളിയമ്പറമ്പ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിഷയം നാളെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്. ഞെളിയമ്പറമ്പ് വിഷയം ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെഎസ്ഐഡിസിക്ക് നല്‍കിയ 12 ഏക്കര്‍ അറുപത്തേഴ് സെന്‍റ് ഭൂമി തിരിച്ചെടുക്കണമെന്നും സോണ്‍ട കമ്പിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു.
ഇതെഴുതിയ പ്ലക്കാർഡുമായാണ് പ്രതിപക്ഷം കൗണ്‍സിലില്‍ യോഗത്തിനെത്തിയത്. എന്നാല്‍ ഞെളിയന്‍പറമ്പ് വിഷയം പഠിച്ച ശേഷം നാളെ ചേരുന്ന കൗണ്‍സിലില്‍ വിശദീകരിക്കാമെന്ന് മേയര്‍ അറിയിച്ചു. 'മനസോട് ഇത്തിരി മണ്ണ്' പദ്ധതി ചര്‍ച്ച ചെയ്യാൻ നാളെ അടിയന്തര കൗണ്‍സില്‍ വിളിച്ചിട്ടുണ്ട്. ഇതിനിടെ ഞെളിയമ്പറമ്പ് വിഷയവും വിശദീകരിക്കാമെന്നാണ് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കിയത്. ഞെളിയമ്പറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
