Asianet News MalayalamAsianet News Malayalam

ശബരിമല ബിൽ: ബിജെപിയുടെ ആത്മാർത്ഥത സംശയിക്കപ്പെടേണ്ടതെന്ന് എൻകെ പ്രേമചന്ദ്രൻ എംപി

കഴിഞ്ഞ ലോക്സഭയിൽ സുപ്രീം കോടതിയിൽ റിവ്യു ഹ‍ർജി നിലനിൽക്കെ തന്നെ പാർലമെന്റിൽ നിയമ നിർമ്മാണം നടത്തിയിട്ടുണ്ടെന്ന് എംപി 

NK Premachandran MP on BJPs sincerity over sabarimala private member bill
Author
New Delhi, First Published Jun 21, 2019, 1:41 PM IST

ദില്ലി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള സ്വകാര്യ ബില്ലിൽ ബിജെപിയുടെ ആത്മാർത്ഥത സംശയിക്കപ്പെടേണ്ടതാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത് പാ‍ലമെന്റംഗത്തിന്റെ അവകാശമാണ്. പാർലമെന്റംഗം അവതരിപ്പിക്കുന്ന ബിൽ ആയാലും സർക്കാർ അവതരിപ്പിക്കുന്ന ബിൽ ആയാലും, അവതരിപ്പിക്കപ്പെട്ട് കഴിഞ്ഞാൽ, പിന്നെയത് സഭയുടെ ബില്ലാണ്. ഭൂരിപക്ഷം ഉണ്ടെങ്കിലേ ബിൽ പാസാകൂ. സ്വകാര്യ ബില്ലുകൾ പാസാകണമെങ്കിൽ അതിന് ഭൂരിപക്ഷം ഉള്ള സ‍ർക്കാരിന്റെ പിന്തുണ വേണം. സ്വകാര്യ ബില്ലുകൾ പാസാകാതെ പോകുന്നത് സർക്കാർ അനുകൂല നിലപാടെടുക്കാത്തത് കൊണ്ടാണ്," അദ്ദേഹം വിശദീകരിച്ചു.

"ഈ വിഷയത്തിൽ ബിജെപിക്ക് എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് പരിശോധിക്കപ്പെടുന്നതാണ് ഈ ഘട്ടം. ഇന്ന് ബിൽ അവതരണം കേവലം ആമുഖം മാത്രമേയുള്ളൂ. ഇന്നവതരിപ്പിക്കുന്ന 32 ബില്ലുകൾ ജൂൺ 25 ന് നറുക്കിനിടും. നറുക്കിൽ ഒന്നാമതെത്തിയാൽ മാത്രമെ ജൂലൈ 12ാം തീയ്യതി പ്രൈവറ്റ് മെമ്പേഴ്സ് ബിൽ ഡേയിൽ ഇത് ചർച്ചയ്ക്ക് വരൂ," എംപി പറഞ്ഞു.

"സ്വകാര്യ ബിൽ ലോക്സഭയിൽ പാസായ ചരിത്രമുണ്ട്. ഇപ്പോൾ കേന്ദ്ര സ‍ർക്കാരിന് മുന്നിൽ മൂന്ന് വഴികഴാണ് ഉള്ളത്. ഒന്നുകിൽ ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ട ശേഷം, കുറ്റമറ്റ രീതിയിൽ നിയമ നിർമ്മാണം നടത്തുമെന്ന് പറയുക. അല്ലെങ്കിൽ സാങ്കേതിക തടസ്സവാദങ്ങൾ പറഞ്ഞ് ഒഴിയുക. അതുമല്ലെങ്കിൽ ബിൽ വോട്ടിനിട്ട് പരാജയപ്പെടുത്തുക." എന്നാൽ സാങ്കേതിക തടസവാദങ്ങൾ ഉന്നയിച്ച് ബില്ലിനെ മറികടക്കുക എളുപ്പമല്ലെന്നും അദ്ദേഹം തുട‍ർന്ന് പറഞ്ഞു.

കഴിഞ്ഞ ലോക്സഭയിൽ സുപ്രീം കോടതിയിൽ റിവ്യു ഹ‍ർജി നിലനിൽക്കെ തന്നെ പാർലമെന്റിൽ നിയമ നിർമ്മാണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾക്ക് എതിരായുണ്ടാകുന്ന പീഡനങ്ങളും അതിക്രമങ്ങളും തടയുന്നതിന് വേണ്ടിയുള്ള നിയമത്തിന് മേൽ സുപ്രീം കോടതിയുടെ വിധി വന്നു. രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തന്നെ ബില്ല് പാർലമെന്റിൽ കൊണ്ടുവന്നത്. അന്നത് ഐകകണ്ഠേന പാർലമെന്റ് പാസാക്കി. അത് സുപ്രീം കോടതി വിധിയെ അതിജീവിക്കാൻ കൊണ്ടുവന്ന ബില്ലാണ്. സുപ്രീം കോടതിയിൽ റിവ്യു ഹർജി നിലനിൽക്കുമ്പോഴാണ് അത്. സർക്കാർ തന്നെയാണ് റിവ്യു പെറ്റിഷൻ സമർപ്പിച്ചത്. ഈ സാങ്കേതിക വാദം വിലപ്പോവില്ല," പ്രേമചന്ദ്രൻ പറഞ്ഞു.

"ഷബാനു കേസിൽ ശരിഅത്ത് നിയമത്തിന് മേൽ സുപ്രീം കോടതി വിധി വന്നപ്പോൾ അതിനെ മറികടക്കാൻ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് നിയമ നിർമ്മാണം നടത്തിയിട്ടുണ്ട്. നീറ്റിന്റെ കാര്യത്തിൽ സുപ്രീം കോടതി വിധിയെ മറികടന്ന് പാർലമെന്റിൽ ബിൽ പാസാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള നിയമസഭ സുപ്രീം കോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണം നടത്തിയിട്ടുണ്ട്."

"ബിജെപി ബില്ലിന്റെ ഉള്ളടക്കത്തെ അനുകൂലിക്കുന്നുണ്ടോയെന്നതാണ് മൗലികമായ പ്രശ്നം. ആ കാര്യത്തിൽ ബിജെപി ഇപ്പോഴും നയം വ്യക്തമാക്കിയിട്ടില്ല. പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ സംബന്ധിച്ച് ഇത്രയേറെ ചർച്ചയുണ്ടായിട്ടും ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് പറയുമ്പോൾ, അത് തന്നെ സംശയങ്ങൾ ഉയ‍ർത്തുന്നതാണ്," എന്നും എംപി പറഞ്ഞു.

"ബില്ലിന്റെ സാധ്യതയെ കുറിച്ചല്ല. ഒരംഗം ഒരു ബിൽ അവതരിപ്പിക്കുമ്പോൾ എന്തിനിത്ര തിടുക്കം, എന്തിനിത്ര ആവേശം, ഇത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുകയല്ല വേണ്ടത്. ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള ബിജെപിയുടെ നയപരമായ നിലപാടെന്ത്? ബിജെപിയുടെ ഔദ്യോഗിക നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിൽ സഭയുടെ പ്രോപ്പർട്ടിയായി കഴിഞ്ഞാൽ മാത്രമേ സർക്കാർ ഔദ്യോഗിക നിലപാട് പറയൂ. അത് കാത്തിരുന്ന് കാണാം എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ." അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios