തിരുവനന്തപുരം: നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നയിക്കട്ടെ എന്ന് അഭിപ്രായവുമായി ആര്‍എസ്പി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പരിഹാര നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ എത്തിയ ഹൈക്കമാന്റ് പ്രതിനിധികൾക്ക് മുന്നിലാണ് എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള ആര്‍എസ്പി നേതാക്കൾ അഭിപ്രായം അറിയിച്ചത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കുന്ന മുന്നണി തെരഞ്ഞെടുപ്പിനെ നേരിടണം. മുഖ്യമന്ത്രി ആരാവണമെന്നൊക്കെ പിന്നീട് തീരുമാനിക്കാമെന്നും ആര്‍എസ്പി നിലപാടെടുത്തു. 

കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് കാരണമായതെന്ന് ആര്‍എസ്പി പറഞ്ഞു. പരിഹരിക്കാൻ അടിയന്തര നടപടിയാണ് ആവശ്യം. ഉമ്മൻചാണ്ടി മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നും ആര്‍എസ്പി വ്യക്തമാക്കി