NO. 18 ഹോട്ടലിൽ ബിസിനസ് മീറ്റ് എന്ന് പറഞ്ഞു കൊണ്ടുപോയി. അഞ്ജലി വഞ്ചിച്ചെന്ന് മനസിലായതോടെ രക്ഷപ്പെടുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു.
കൊച്ചി: പോക്സോ കേസിൽ (Pocso Case) പ്രതിയായ ഫോർട്ട് കൊച്ചി No. 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് (Roy Vayalat) ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. പരാതിക്കാർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. അതേസമയം പ്രതികളുടെ സഹായി അഞ്ജലിയാണ് തങ്ങളെ ഹോട്ടലിലേക്ക് എത്തിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മോഡലുകളുടെ മരണത്തിൽ വിവാദത്തിലായ ഫോർട്ട് കൊച്ചിയിലെ No.18 ഹോട്ടലിൽ എത്തിയ തങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നൽകിയ പരാതി.
പ്രതികള്‍ ദൃശ്യങ്ങൾ പകർത്തിയതിനാൽ ഭീഷണി ഭയന്നാണ് പരാതി പറയാൻ കാലതാമസം ഉണ്ടായതെന്നും മൊഴി നൽകിയിരുന്നു. എന്നാൽ ഈ പരാതി കെട്ടിച്ചമച്ചതാണെന്നും ഹോട്ടലിൽ വെച്ച് പരിചയപ്പെട്ട പരാതിക്കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. ഹോട്ടലിൽ വെച്ച് ഇരുവരെയും മൂന്നാം പ്രതിയായ അഞ്ജലി പരിചയപ്പെടുത്തിയിരുന്നു. അതിനുശേഷം സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കൊപ്പം പരാതിക്കാർ പുറത്തുപോയി ഭക്ഷണം കഴിച്ചു. എന്നാൽ പിന്നീട് തനിക്കെതിരെ ലൈംഗീക പീഡന കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു ഇവർ.
തന്നോട് ശത്രുതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിന് പിറകിലുണ്ടെന്നും റോയ് അടക്കമുള്ളവർ ഹർജിയിൽ പറയുന്നു. ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ അഞ്ജലിക്കെതിരെ ഗുരുതര ആരോപണമാണ് പെൺകുട്ടിയുടെ അമ്മ മൊഴിയായി നൽകിയിട്ടുള്ളത്. കോഴിക്കോട് വെച്ച് പരിചയപ്പെട്ട തങ്ങളെ ജോലി വാഗ്ദാനം നടത്തിയാണ് കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റുഗതർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം No. 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് റോയ് വയലാട്ടും സംഘവും പീഡിപ്പിക്കാൻ ശ്രമിച്ചു. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രയാപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
