Asianet News MalayalamAsianet News Malayalam

കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസ്‌ ഉദ്യോഗസ്ഥനെതിരെ നടപടിയില്ല

കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറന്റൈനില്‍ കഴിയുന്നവരെ പൊലീസുകാരന്‍ വീട്ടിലെത്തി സല്യൂട്ട് ചെയ്തത് വിവാദമായിരുന്നു...
 

no action against the police officer who salute  Rescue workers of karipur plane crash
Author
Malappuram, First Published Aug 11, 2020, 5:28 PM IST

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയായിരുന്നു നടപടി എങ്കിലും ഉദ്ദേശം നല്ലതായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്.

കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറന്റൈനില്‍ കഴിയുന്നവരെ പൊലീസുകാരന്‍ വീട്ടിലെത്തി സല്യൂട്ട് ചെയ്തത് വിവാദമായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്തെ സിവില്‍ പൊലീസ് ഓഫീസറായ ഹുസൈനാണ് രക്ഷാപ്രവര്‍ത്തകരെ ആദരിച്ചത്.

ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. നടന്മാരായ ഹരീഷ് പേരടി ,സണ്ണി വെയിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പൊലീസും അഗ്‌നിശമന സേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കരിപ്പൂരുകാര്‍ക്കും രാത്രി വൈകി രക്തബാങ്കുകള്‍ക്കു മുന്നില്‍ വരി നിന്ന മറ്റുള്ളവര്‍ക്കുമൊക്കെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദിക്കുന്നതിനിടയ്ക്കാണ്ഈ ചിത്രമെത്തിയത്.

കരിപ്പൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി കേരള പൊലീസ് സല്യൂട്ട് ചെയ്യുന്നു എന്നാണ്നടന്‍ സണ്ണി വെയ്ന്‍ അടക്കമുള്ളവര്‍ പറയുന്നതെങ്കിലും കരിപ്പൂര്‍ പൊലീസ് ഇത് നിഷേധിച്ചിരുന്നു. കേരള പൊലീസ് അങ്ങനെ സല്യൂട്ട് നല്‍കാനായി ക്വാറന്റീന്‍ കേന്ദ്രത്തില്‍ പോയിട്ടില്ലെന്നും ചിത്രത്തിന്റെ വസ്തുത എന്താണെന്ന് അറിയില്ലെന്നും കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്വ്യക്തമാക്കിയിരുന്നു. 

വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേര്‍ മരണമടഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 184 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. കനത്ത മഴയേയും കൊവിഡ് ഭീതിയെയും വകവയ്ക്കാതെ സംഭവസ്ഥലത്ത് ഓടിയെത്തി വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളില്‍എത്തിക്കാനും പ്രദേശത്തുള്ളവര്‍ വലിയ ജാഗ്രത കാണിച്ചത് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഇടയാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios